ഗഡ്ചിറോളി മാവോയിസ്റ്റ് ആക്രമണം : പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, May 2, 2019

ഗഡ്ചിറോളി മാവോയിസ്റ്റ് ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചു. സ്‌ഫോടനങ്ങൾ തുടർന്നുകൊണ്ടിരുന്നിപ്പോൾ ഭീകരാക്രമണം ഒന്നും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി വാദിച്ചിരുന്നുവെന്നും രാഹുൽ ചൂണ്ടികാട്ടി.

മഹാരാഷ്ട്രയിൽ നക്‌സലൈറ്റ് ആക്രമണം നടക്കുമ്പോഴും പുൽവാമയിൽ ഭീകരാക്രമണം നടക്കുമ്പോഴും ആരായിരുന്നു അധികാരത്തിലെന്ന് മധ്യപ്രദേശിലെ ഹൊഷങ്കാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ ചോദിച്ചു. 2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു രാഹുൽ. ഈ വിഷയം പിന്നീട് ട്വിറ്ററിലും രാഹുൽ ഉന്നയിച്ചു.

പുൽവാമ, പത്താൻകോട്ട്, ഉറി, ഗഡ്ചിറോളി എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾ നടന്നു. 2014-നുശേഷം 942 ബോംബ് സ്‌ഫോടനങ്ങളുണ്ടായി. എന്നാൽ ഇന്ത്യയിൽ സ്‌ഫോടനങ്ങൾ നടന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ഇനിയെങ്കിലും കണ്ണും കാതും തുറക്കണമെന്നും രാഹുൽ അഭ്യർഥിച്ചു. ഏപ്രിൽ 13-ന് ബംഗളുരുവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യയിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയശേഷം സ്‌ഫോടനങ്ങൾ നടന്നിട്ടില്ലെന്ന് മോദി അവകാശപ്പെട്ടത്.