ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലയെയും തകർത്തു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, October 20, 2020

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ചൈനയെ കുറിച്ച് ഒരുവാക്ക് എങ്കിലും പറയാൻ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലയെയും തകർത്തെന്ന് രാഹുൽ ഗാന്ധി. കൊവിഡ് മൂലം ജനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും, ജനങ്ങളിലേക്ക് കൂടുതൽ സഹായം എത്തേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു.

വയനാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തൃപ്തനാണ്. കേരളത്തിലെ ജനങ്ങളുടെ പ്രവർത്തനമാണ് കൊവിഡ് പ്രതിരോധത്തിന് കരുത്താകുന്നത്. കൊവിഡ് അവലോകന യോഗത്തിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അവസരം നൽകണം. സ്കൂൾ കെട്ടിടത്തിന്‍റെ ഉൽഘാടനം നിഷേധിച്ചതിൽ പരാതിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ കടത്തു കേസിൽ എൻഐഎ അന്വേഷണം നടക്കട്ടെ, നീതി പൂർവ്വമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ കർഷകരുടെ ഉല്പന്നങ്ങൾക്ക് വിപണി ഉണ്ടാകണം. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ട്. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ നടു ഒടിക്കും. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ ഈ നിയമങ്ങളെ ചെറുക്കും അവർക്കൊപ്പം കോൺഗ്രസുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിനകത്ത് ഭിന്നത വളർത്തി രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്.
ചൈന രാജ്യത്തിൻ്റെ അതിർത്തിയിൽ കയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണന്നും രാഹുൽ ഗാന്ധി വിമർശിച്ചു.