രാഹുൽ ഗാന്ധി വാക്ക് പാലിച്ചു ; കാവ്യക്കും കാർത്തികയ്ക്കും വീടൊരുങ്ങി ; താക്കോൽദാനം നാളെ

Jaihind News Bureau
Sunday, October 18, 2020

 

മലപ്പുറം : സഹോദരങ്ങളായ കാവ്യക്കും കാർത്തികയ്ക്കും രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിച്ചു. കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പടെ കുടുംബത്തിലെ അഞ്ചു പേരെ നഷ്ടപ്പെട്ട് അനാഥരായ ഇരുവർക്കും കോൺഗ്രസ്‌ വീട് നിർമിച്ചു നൽകി. വീടിന്‍റെ താക്കോൽദാനം രാഹുൽ ഗാന്ധി നാളെ നിർവ്വഹിക്കും.

2019 ലെ പ്രളയത്തിലാണ് നിലമ്പൂരിലെ കവളപ്പാറ  പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാവുന്നത്. ദുരന്തത്തിൽ  കാവ്യയ്ക്കും കാർത്തികയ്ക്കും തങ്ങളുടെ അമ്മയേയും സഹോദരങ്ങളേയുമടക്കം കുടുംബത്തിലെ അഞ്ചു പേരെയാണ് നഷ്ടമായത്. ഒപ്പം കിടപ്പാടവും. അച്ഛൻ നേരത്തെ മരണപ്പെട്ടു.  തുടർന്ന് എടക്കരയിലെ ബന്ധു വീട്ടിലാണ് ഇരുവരും അഭയം തേടിയത്.

കാവ്യയുടേയും കാർത്തികയുടേയും ഒരു വർഷത്തെ പഠന ചെലവ് ആര്യാടൻ ഷൗക്കത്ത് ചെയർമാൻ ആയ നിലമ്പൂർ അർബൻ ബാങ്ക് ഏറ്റെടുത്തിരുന്നു. തുടർന്ന് കവളപ്പാറ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി ഇരുവരെയും നേരിട്ട് കാണുകയും ബുദ്ധിമുട്ട് മനസിലാക്കി വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. നാളെ മലപ്പുറം കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ വീടിന്‍റെ താക്കോൽ രാഹുൽ ഗാന്ധി നേരിട്ട് കൈമാറും.