കല്‍പ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പുരോഗമിക്കുകയാണ്. മേപ്പാടിയിലേക്കുള്ള യാത്രാമധ്യേ 93കാരിയായ മുത്തശ്ശിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പിതാവ് രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മുത്തശ്ശി രാഹുലുമായി പങ്കുവെച്ചു. മുത്തശ്ശിയെ ചേര്‍ത്തുപിടിച്ച അദ്ദേഹം ബന്ധുക്കളോട് അമ്മയെ മാസ്ക് ധരിപ്പിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. തന്റെ കൊച്ചുമക്കളേയും മരുമക്കളേയും രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്താനും മുത്തശ്ശി മറന്നില്ല.
ഇന്നലെ വൈകിട്ടോടെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ മുതലാണ് മണ്ഡലത്തിലെ സന്ദര്‍ശനം തുടങ്ങിയത്. വയനാട് കേണിച്ചിറയില്‍ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്കൂളില്‍ ഗാന്ധി ശില്പ അനാച്ഛാദനവും അദ്ദേഹം നിർവ്വഹിച്ചു. തൃക്കൈപ്പറ്റയില്‍ നിന്ന് മുട്ടില്‍ വരെ നടന്ന ട്രാക്ടര്‍ റാലിയിലും ട്രാക്ടര്‍ ഓടിച്ചുകൊണ്ട് അദ്ദേഹം പങ്കാളിയായി. കല്‍പ്പറ്റ സി.എം.സി കോണ്‍വെന്റിലെ സിസ്റ്റര്‍മാരുമായും രാഹുല്‍ സംവദിച്ചു.