രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ ആദ്യം ചെയ്യുന്ന മൂന്ന് കാര്യങ്ങള്‍ ഇവയാണ്

Jaihind Webdesk
Sunday, April 21, 2019

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദ്യമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി.

തന്നെ പ്രധാനമന്ത്രിയാക്കണോ എന്നത് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന ആമുഖത്തോടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി ആരംഭിച്ചത്.
”അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേരായ ദിശയില്‍ എത്തിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുന്ന കാര്യം. അതിന് ശേഷം കര്‍ഷകരുടേയും തൊഴിലാളികളുടേയും ദുരിതങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. അടുത്തത് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. അവര്‍ക്ക് തൊഴിലുകള്‍ നല്‍കുകയും ഭാവിയിലേക്കുള്ള അവരുടെ വഴി മികച്ചതാക്കുകയുകയുമാണ് പ്രധാന ലക്ഷ്യം.”- രാഹുല്‍ പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പിലും പാക്കിസ്ഥാന്‍ ഒരു രാഷ്ട്രീയ പ്രശ്നമായി മാറുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ചില സമയങ്ങളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്ഥാനി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് വരെ പറയും. ചിലപ്പോഴൊക്കെ നിങ്ങളെ കുറ്റാരോപിതരാകും.

2014 ലെ തെരഞ്ഞെടുപ്പില്‍ മോദി പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നാല് പ്രധാനപ്പെട്ട വാഗ്ദാനങ്ങളായിരുന്നു അദ്ദേഹം നല്‍കിയത്. ഓരോ ഇന്ത്യന്‍ പൗരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്നായിരുന്നു അതിലൊന്ന്. ഓരോ വര്‍ഷവും രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അടുത്തത്.

മൂന്നാമത്തേത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം ലഭിക്കുമെന്നായിരുന്നു. നാലാമത്തേത് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളില്‍ 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നും. ഈ നാല് വാഗ്ദാനങ്ങളും മോദി പാലിച്ചില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ജനങ്ങളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്നത്. പാക്കിസ്ഥാന്‍ രാഷ്ട്രീയ വിഷയമാകുന്നതും അതുകൊണ്ട് തന്നെ. തെരഞ്ഞെടുപ്പു വാഗ്ദാനമായി പറഞ്ഞ കാര്യങ്ങളില്‍ ഒന്നുപോലും നടപ്പില്‍ വരുത്താന്‍ സാധിക്കാതിരുന്ന ഏക പ്രധാനമന്ത്രി മോദി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ പിന്നാക്കക്കാര്‍ക്ക് 72000 രൂപ ഓരോ വര്‍ഷവും നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ. അടുത്ത പ്രഖ്യാപനം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ്. കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക ബഡ്ജറ്റാണ് അടുത്ത പദ്ധതിയായി പറഞ്ഞത്. അഴിമതിക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇല്ലൊം. അഴിമതിക്കെതിരായ നടപടി റാഫേല്‍ അന്വേഷണത്തിലൂടെ ആരംഭിക്കും. രാഹുല്‍ പറഞ്ഞു.

വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും പഞ്ചാബിലും കര്‍ണാടകയിലും അധികാരത്തിലെത്തുന്ന പക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞിരുന്നു. വായ്പയെഴുതി തള്ളാന്‍ പണമില്ലെന്ന് മോദി പറഞ്ഞപ്പോള്‍ അധികാരത്തിലെത്തി 48 മണിക്കൂറിനുള്ളിലാണ് ഞങ്ങള്‍ അത് ചെയ്തത്.

72000 രൂപ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ഓരോ വര്‍ഷവും നല്‍കുമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ എവിടെ നല്‍കുമെന്ന് ബി.ജെ.പി ചോദിച്ചു. മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ പോക്കറ്റില്‍ നിന്നെടുത്ത് തന്നെ ആ പണം നല്‍കിയിരിക്കുമെന്ന മറുപടിയാണ് അവര്‍ക്ക് നല്‍കാനുള്ളത്- രാഹുല്‍ വ്യക്തമാക്കി.