ഇന്ത്യയിലെ യുവാക്കൾക്ക് കൈത്താങ്ങുമായി രാഹുൽ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം

webdesk
Friday, March 29, 2019

ഇന്ത്യയിലെ യുവാക്കൾക്ക് കൈത്താങ്ങുമായി രാഹുൽ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. യുവ ബിസിനസ് സംരംഭകർക്ക് സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ എല്ലാവിധ സഹായങ്ങളും കോൺഗ്രസ് അധികാരത്തിലെത്തിയാൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഇത് വ്യക്തമാക്കിയത്.

ഇന്ത്യയിലെ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പ് നൽകുമെന്ന വാഗ്ദാനത്തിന് പിന്നാലെയാണ് രാഹുലിന്‍റെ പുതിയ പ്രഖ്യാപനം. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണെന്ന വസ്തുത നിലനിൽക്കെയാണ് ജനമനസ്സ് അറിഞ്ഞ് രാഹുൽ പ്രഖ്യാപനം നടത്തിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം രാഹുൽ നടത്തിയിരുന്നെങ്ങിലും ട്വിറ്ററിലൂടെ ഇപ്പോൾ സ്ഥിരീകരിക്കുകയായിരുന്നു. യുവാക്കളെ ലക്ഷ്യം വെച്ചാണ് ഈ പ്രഖ്യാപനം.

പുതിയ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലെ ഒരു ഭാഗം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പുതിയ സംരഭകർക്ക് ആദ്യ മൂന്ന് വർഷത്തിൽ ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നുമാണ് രാഹുലിൻറെ പ്രഖ്യാപനം. സ്റ്റാർട്ട് അപ്പുകൾക്ക് ഈടാക്കുന്ന ‘എയ്ഞ്ചൽ ടാക്സ്’ ഇനി ഉണ്ടാകില്ല, എത്ര തൊഴിൽ സൃഷ്ടിക്കുന്നുവോ അതിനനുസൃതമായി നികുതി ഇളവ് ലഭ്യമാക്കും. ഇതെല്ലാം തന്നെ രാജ്യത്തെ തൊഴിലില്ലായ്മയിൽ നിന്നും ആശ്വാസമാകാൻ യുവാക്കൾക്ക് സാധിക്കും.