വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേശ് കുമാര്‍ എന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ ഭാര്യയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തത് മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണമാണ് തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് ദിനേശ് കുമാറിന്‍റെ ഭാര്യ പറഞ്ഞതായി രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. കര്‍ഷക ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ദിനേഷ് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കര്‍ഷക സുരക്ഷയ്ക്കായി തന്‍റെ ഭാഗത്തുനിന്ന് എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുനല്‍കുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ അറിയിച്ചു.