കൊറോണ വൈറസ് ദൗത്യ സംഘത്തില്‍ പ്രവര്‍ത്തിച്ച നഴ്സ് മനു ജോസഫിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനക്കത്ത്

Jaihind News Bureau
Tuesday, February 18, 2020

കൊറോണ വൈറസ് ദൗത്യസംഘത്തില്‍ പ്രവർത്തിച്ച മാനന്തവാടി സ്വദേശി നഴ്സ് മനു ജോസഫിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ലോകം ഭീതിയോടെ നിന്നപ്പോള്‍ കര്‍ത്തവ്യബോധം ഉയർത്തിപ്പിടിച്ച് സാമൂഹികപ്രതിബദ്ധതയോടെ നിലകൊണ്ട മനു ജോസഫിന്‍റെ പ്രവൃത്തി മാതൃകാപരമാണെന്ന് രാഹുല്‍ ഗാന്ധി അഭിനന്ദനക്കത്തില്‍ കുറിച്ചു. ദൗത്യസംഘത്തിലുള്ള എല്ലാവരെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. മനു ഉള്‍പ്പെടുന്ന സംഘമാണ് കൊറോണ ബാധയെ തുടർന്ന് ചൈനയിലെ വുഹാനില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.

മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന മലയാളി നഴ്‌സുമാരിൽ ഒരാളായ മനു ഡൽഹി സഫദർജംഗ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറാണ്. എടവക ഇല്ലിമൂട്ടിൽ ജോണിയുടെയും ബെറ്റിയുടെയും മകനായ മനു മുമ്പ് മാനന്തവാടി ജില്ലാ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും നഴ്സായിരുന്നു. പുതിയിടം കുന്ന് അംബേദ്കർ ആശുപത്രിക്ക് സമീപമാണ് വീട്.

ലോകം ഭീതിയോടെ കാണുന്ന കൊറോണ വൈറസിന്‍റെ  ഉത്ഭവസ്ഥാനമായ വുഹാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ സംഘത്തെ അയച്ചപ്പോൾ സധൈര്യം മെഡിക്കൽ സംഘത്തോടൊപ്പം പോകാൻ തയാറായ നഴ്‌സുമാരിൽ ഒരാളാണ് മനു ജോസഫ്. എടവക ഇല്ലിമൂട്ടിൽ ജോണിയുടെ മകനായ മനു മുമ്പ് മാനന്തവാടി ജില്ലാ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും നഴ്സായിരുന്നു.   പുതിയിടം കുന്ന് അംബേദ്കർ ആശുപത്രിക്ക് സമീപമാണ് വീട്.