‘ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ, പാടിപറക്കാൻ കൂടെയുണ്ടാകും’; രേണുകയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

മനോഹരമായ ഗാനാലാപനത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത വയനാടുകാരി രേണുകയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. രേണുകയുടെ പാട്ട് ശ്രുതിമധുരമാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെയെന്നും പാടിപ്പറക്കാൻ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

 

മാനന്തവാടി കോണ്‍വെന്‍റ് കുന്ന് കോളനിയിൽ താമസിക്കുന്ന രേണുകയെ വയനാട്ടിലെ സംഗീതജ്ഞനായ ജോര്‍ജ് കോരയാണ് മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.  രേണുക പാടിയ ‘തങ്കത്തോണി’ എന്ന കവര്‍ സോംഗ് അദ്ദേഹത്തിന്‍റെ  ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതായിരുന്നു വഴിത്തിരിവായത്. ജൂലായ് രണ്ടിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നാലരലക്ഷം പേരാണ് കണ്ടത്.  മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയാണ്  രേണുക.

പാട്ട് പാടണമെന്നും അത് ഒരുപാട് പേർ കേൾക്കണണെന്നും ആഗ്രഹമുണ്ടെങ്കിലും പരിമിതികൾ തനിക്കു മുന്നിൽ തടസമാണെന്നായിരുന്നു  രേണുകയുടെ പ്രതികരണം . പാട്ട് പഠിച്ചിട്ടില്ലെന്നും പരിമിതികൾക്കിടയിലും പഠിക്കാൻ അതിയായ കൊതിയുണ്ടെന്നും രേണുക പറയുന്നു.

Comments (0)
Add Comment