തൊണ്ടയില്‍ കല്ല് കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി ; പ്രനൂപിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, August 26, 2021

സുൽത്താൻ ബത്തേരി: സമയോചിതമായ ഇടപെടലിലൂടെ പിഞ്ചുകുഞ്ഞിന്‍റെ ജീവൻ രക്ഷിച്ച സുൽത്താൻ ബത്തേരി പൂതിക്കാട് സ്വദേശി പ്രനൂപിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി.  സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രനൂപ്. ദിവസങ്ങള്‍ക്ക് മുന്‍പ് മുറ്റത്ത് കളിക്കുന്നതിനിടെയാണ് ഒരു വയസുകാരി ആയിഷ സെൻഹ കല്ല് വായിലിട്ടത്. കുട്ടിയുടെ ശബ്ദത്തിൽ വ്യത്യാസം വന്നത് കണ്ട മാതാവ് ഷഹാമത്ത് ഉടൻ തന്നെ കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു.

കയ്യിട്ട് കല്ലെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ ശബ്ദം നേർത്ത് വന്നതോടെ അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവിൽ കയറി നിന്ന് തടഞ്ഞു. ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിർത്തി ഓടിയെത്തി.

പ്രനൂപ് കുട്ടിയെ ഉടൻ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോൾ രക്തത്തോടൊപ്പം കല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതൽ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവൻ രക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു. പ്രനൂപിന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതരും പറയുന്നു.