റഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണം: ആവശ്യം വീണ്ടും ഉന്നയിച്ച് രാഹുല്‍ഗാന്ധി

Jaihind Webdesk
Thursday, November 14, 2019

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. കോടതി വിധി വാതില്‍ തുറന്നിരിക്കുന്നത് വലിയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്കാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. റഫേല്‍ അഴിമതിയില്‍ സമഗ്രാനേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി റഫേലില്‍ കള്ളം പറയുന്നു എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റില്‍ കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് കെ.എം. ജോസഫ് നടത്തിയ പ്രത്യേക പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വാദങ്ങളെ സാധൂകരിക്കുന്നത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ പോലെയുള്ള സ്വതന്ത്ര ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താമെന്നും കെ.എം. ജോസഫ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇതേ കാര്യം കോണ്‍ഗ്രസും ആദ്യമേ പറഞ്ഞിരുന്നു.
പാര്‍ലമെന്ററി അന്വേഷണത്തിന് ശേഷം മാത്രമേ അഴിമതി കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് കെ.എം. ജോസഫ് പറഞ്ഞു. ആയതില്‍ തന്നെ സുപ്രീംകോടതി വിധി സി.ബി.ഐ, ജോ.പി.സി പോലുള്ളവയുടെ അന്വേഷണത്തിനെ എതിര്‍ക്കുന്നില്ല.

കോടതിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇത് ആര്‍ട്ടിക്കിള്‍ 36 ല്‍ പറയുന്നുണ്ട്. വിധിയില്‍ ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഒന്നുമില്ല. സംയുക്ത പാര്‍ലമെന്ററി അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. ജെ.പി.സി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാരിന് എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് വ്യക്തമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.