ഇനിയെങ്കിലും കാര്യങ്ങള്‍ തുറന്നു പറയണം; സര്‍ക്കാരിന്‍റെ മൗനം വലിയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാവും : ഇന്ത്യ-ചൈന തര്‍ക്കത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, May 29, 2020

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍, അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ മൗനം വലിയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാവുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഇനിയെങ്കിലും കാര്യങ്ങള്‍ തുറന്നു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ സേനയെ അധികമായി വിന്യസിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിര്‍ത്തിയില്‍ ഉണ്ടാകുന്ന പ്രശ്നത്തെക്കുറിച്ച്‌ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ഉണ്ടാകുന്നില്ല. ഇത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഇടയാക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചൈനയുമായി ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഗൗരവതരവും ആശങ്കക്കിടയാക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് രണ്ട് ദിവസം മുന്‍പ് തന്നെ അഭിപ്രായപ്പെട്ടിരുന്നു.

ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ലഡാക്കിലെ പാംഗോങ് തടാകം, ഗാൽവൻ താഴ്‌വര, ദം ലോക്ക്, ധൗലത്ത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം നിൽക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാൻ തയാറാണ് എന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ വിഷയം നയതന്ത്ര തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമം എന്നാണ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

‘ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഭവവികാസങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ഈ പ്രതിസന്ധി ഘട്ടത്തില്‍ കടുത്ത ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുന്നതിനും അനിശ്ചിതത്വത്തിനും കാരണമാകും. എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.