ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 54-ാം പിറന്നാള്‍ വന്‍ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. കേക്കും പൂക്കളും വാദ്യമേളങ്ങളുമായാണ് എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. രാഹുല്‍ താമസിക്കുന്ന 10 ജന്‍പഥില്‍ ആശംസകളറിയിച്ചെത്തിയ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു- ‘എപ്പോഴും എന്‍റെ സുഹൃത്ത്, സഹയാത്രികന്‍, വഴികാട്ടി, തത്ത്വചിന്തകന്‍, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, സ്‌നേഹം’ എന്നാണ് പ്രിയങ്ക കുറിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലിന് ജന്മദിനാശംസകള്‍ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും രാഹുലിന്‍റെ സവിശേഷമായ ഗുണങ്ങളാണെന്ന് ഖാര്‍ഗെ കുറിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികത രാഹുലിന്‍റെ എല്ലാ പ്രവൃത്തികളിലും ദൃശ്യമാണ്. എല്ലാവരുടെയും കണ്ണുനീര്‍ തുടയ്ക്കാനുള്ള ദൗത്യം തുടരുന്ന രാഹുലിന് ദീര്‍ഘവും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നുവെന്നും ഖാര്‍ഗെ കുറിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജനങ്ങളോടുള്ള സമര്‍പ്പണം നിങ്ങളെ വലിയ ഉയരങ്ങളില്‍ എത്തിക്കും. തുടര്‍ച്ചയായ വിജയത്തിന്‍റേതാകട്ടെ ഈ വര്‍ഷമെന്ന് സ്റ്റാലിന്‍ ആശംസിച്ചു. നടന്‍ കമല്‍ ഹാസന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അതേസമയം, നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.