പ്രളയ ദുരന്തപ്രദേശങ്ങൾ രണ്ടാം തവണയും നേരിട്ടു കാണാനെത്തിയ രാഹുൽ ഗാന്ധി 4 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. 3 ജില്ലകളിലെ ആയിരക്കണക്കിന് ദുരിത ബാധിതർക്കാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം ആശ്വാസമായത്. ഇന്ന് വഴിക്കടവ്, ചുങ്കത്തറ എന്നിവിടങ്ങളി ൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി.
ദുരന്ത മേഖലകളിൽ നേരിട്ടെത്തിയും, പ്രളയ ബാധിതരുടെ സങ്കടം കേട്ടും 4 ദിവസം വയനാട്ടുകാരുടെ പ്രിയപ്പെട്ട MP മണ്ഡലത്തിൽ നിറഞ്ഞു നിന്നു. 30 ലധികം കേന്ദ്രങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ബാവലി, ചാലി ഗദ്ദ, നെയ്കൂപ്പ തുടങ്ങി കർണാടകയുമായി അതിർത്തി പങ്കിടുന്ന വടക്കേ വയനാട്ടിലെ നിരവധി ആദിവാസി കോളനികളിലടക്കം രാഹുൽ ഗാന്ധി ഇത്തവണ സന്ദർശനം നടത്തി. 3 ദിവസം വയനാട്ടില്‍ തങ്ങിയ അദ്ദേഹം ഇന്നലെ ചുരമിറങ്ങി.
തിരുവമ്പാടി, മുക്കം എന്നിവിടങ്ങളിലും ദുരിതബാധിതർക്ക് ആശ്വാസവുമായെത്തി. അരീക്കോട് നിന്നായിരുന്നു മലപ്പുറം ജില്ലയിലെ സന്ദർശനത്തിന് തുടക്കമിട്ടത്. ഏറനാട്ടും, മമ്പാടും ദുരിതബാധിതരെ സന്ദർശിച്ച് ആശ്വാസവും, ഒപ്പം ആത്മവിശ്വാസവും പകർന്നു. ഇന്ന് രാവിലെ വഴിക്കടവിലെത്തി അൻഷാജിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേർന്നു. പ്രളയത്തിൽ വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടി വീടു തകരുകയും, മണ്ണിനടിയിൽപ്പെട്ട് അൻഷാജിന്റെ ഉമ്മ മൈമൂന, ഉമ്മയുടെ സഹോദരി സാജിദ എന്നിവർ മരിച്ചിരുന്നു. അൻഷാജിന്റെ കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പുനൽകിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്. വഴിക്കടവിലും, നിലമ്പൂരിലേക്കുള്ള റോഡിലുമെല്ലാം നൂറു കണക്കിന് പേരാണ് രാഹുൽഗാന്ധിയെ കാണാൻ കാത്തുനിന്നിരുന്നത്.
തുടർന്ന് ചുങ്കത്തറ കൈപ്പിനിയിലെ പ്രളയ ദുരന്തമേഖല രാഹുൽ ഗാന്ധി സന്ദർശനം നടത്തി. പ്രളയത്തിൽ കൈപ്പിനിക്കടവ് പാലം ഒലിച്ചുപോയിരുന്നു. ഇവിടെ സന്ദർശിച്ച ശേഷം പ്രദേശത്തെ പ്രളയബാധിതരുമായി രാഹുൽ ഗാന്ധി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. 4 ദിവസത്തെ സന്ദർശനത്തിനിടെ ലഭിച്ച ആയിരക്കണക്കിന് നിവേദനങ്ങളും മറ്റും എത്രയും വേഗം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് AICC ജനറൽ സെക്രട്ടറി KC വേണുഗോപാൽ അറിയിച്ചു. സർക്കാരിൽ നിന്നും നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും നേടിയെടുക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന് ഉറപ്പ് നല്കി വയനാടിന്റെ ഹൃദയം സ്വന്തമാക്കിയാണ് രാഹുല്‍ മടങ്ങിയത്.