‘ആരെയും ഭയമില്ല, സത്യമാണ് ആയുധം’; മോദിയെ കടന്നാക്രമിച്ച് രാഹുല്‍; അഗ്നിവീർ മുതല്‍ നീറ്റ് വരെയുള്ള വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗം

 

ന്യൂഡല്‍ഹി: പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണഘടനക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു. അതേസമയം ഭരണഘടനക്കെതിരായ ആക്രമണത്തെ ജനം എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി അംഗങ്ങള്‍ ഭരണഘടനയെ കുറിച്ച് പറയുന്നതില്‍ സന്തോഷമുണ്ട്. അയോധ്യയില്‍ മത്സരിക്കുന്നതിനായി മോദി സർവേ നടത്തിയെന്നും എന്നാല്‍ മത്സരിക്കരുതെന്ന് സര്‍വേക്കാര്‍ ഉപദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തോല്‍ക്കുമെന്നു കരുതിയാണ് മോദി അയോധ്യയില്‍ മത്സരിക്കാതെ പിന്മാറിയത്. രാമക്ഷേത്രം പണിതിട്ടും ബിജെപി അയാേധ്യയില്‍ തോറ്റു.  രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. അയോധ്യ ബിജെപിക്ക് കൃത്യമായ മറുപടി നല്‍കിയെന്നും ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അയോധ്യ എന്ന് പറഞ്ഞപ്പോള്‍ മെെക്ക് ഓഫ് ചെയ്തുവെന്നും മെെക്കിന്‍റെ നിയന്ത്രണം ആരുടെ കയ്യിലാണെന്നും സ്പീക്കറിനോട് രാഹുല്‍ ചോദിച്ചു. എന്നാല്‍ സംസാരിക്കുന്നതിനിടയില്‍ മെെക്ക് ഓഫ് ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. പരമശിവന്‍റെയും ഗുരു നാനാക്കിന്‍റെയും ഇസ്ലാം മത ചിഹ്നവും രാഹുല്‍ സഭയില്‍ ഉയർത്തിക്കാട്ടി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു പരമശിവന്‍റെ ചിത്രം ഉയർത്തിക്കാട്ടിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുൽ പറഞ്ഞു.

മണിപ്പൂരിൽ വലിയ കലാപമുണ്ടായിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയില്ല. മണിപ്പുർ ഇന്ത്യയിലല്ലേയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ബിജെപി മണിപ്പൂരിനെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അഗ്നിവീർ വിഷയവും രാഹുല്‍ ഗാന്ധി സഭയില്‍ ഉയർത്തി. അഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണെന്നും അഗ്നിവീർ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ച, കർഷക വിഷയം എന്നിവയിലെ മോദി സർക്കാരിന്‍റെ വീഴ്ച  രാഹുല്‍ ലോക്സഭയില്‍ എണ്ണിപ്പറഞ്ഞു.

Comments (0)
Add Comment