രാഹുല്‍ ഗാന്ധി എത്തുന്നു; ആശ്വാസത്തോടെ വയനാട്: ആവശ്യങ്ങള്‍ നിറവേറ്റപ്പെടും

വയനാട്ടിലേക്ക് രാഹുല്‍ഗാന്ധി എത്തുന്നതോടെ വയനാട്ടിലെ ജനങ്ങള്‍ ആവേശത്തേരിലേറിയിരിക്കുകയാണ്.  ആ ആവേശത്തിന്റെ പ്രകമ്പനങ്ങള്‍ വടക്കന്‍ കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഭാവി പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധാകേന്ദ്രമായതിന് പുറമേ, വയനാട് മെഡിക്കല്‍ കോളജ്, ചുരം തുരങ്കപാത, നിലമ്പൂര്‍ – നഞ്ചന്‍ഗോഡ് റെയില്‍പാത, ബംഗളൂരു ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം, കാര്‍ഷിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന പാക്കേജുകള്‍, വന്യമൃഗശല്യത്തില്‍നിന്നുള്ള സംരക്ഷണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങി വയനാടിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് വയനാട് ജനങ്ങള്‍. കാര്‍ഷികമായി തകര്‍ന്നടിഞ്ഞ വയനാടിനെ ടൂറിസം വികസനത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍പിക്കാമെന്നും വയനാടുകാര്‍ കണക്കുകൂട്ടുന്നു.

വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു കാര്‍ഷിക ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്ന, യുഡിഎഫിന് വളക്കൂറുള്ള മണ്ഡലമാണ് വയനാട്. സംസ്ഥാനത്ത്തന്നെ യുഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷ കണക്കാക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണിത്. 2009 ലെ മണ്ഡല രൂപീകരണത്തിനു ശേഷം രണ്ട് തവണയും യുഡിഎഫ് തന്നെയാണ് വിജയക്കൊടി പാറിച്ചത്.

കര്‍ഷകരും ആദിവാസികളും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിര്‍ണായക ശക്തികേന്ദ്രമായ ഇവിടെ അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഉരുക്കുകൊട്ടയായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. 2009 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലമാണ് വയനാട്. യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് 1,53,439 വോട്ടിന്റെ വന്‍ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. സിപിഐ യിലെ എം. റഹ്മത്തുള്ളയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 20,870 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാനായത്. സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി.

ഇടതിന് തോല്‍വി ഉറപ്പായ മണ്ഡലമായതിനാല്‍ ഇത് സി.പി.ഐക്ക് വിട്ടുകൊടുത്ത് കാര്യമായ പ്രചാരണം നടത്താതെ സി.പി.എം ഒഴിഞ്ഞു നില്‍ക്കാറാണ് പതിവ്. രാഹുല്‍ വരുന്നതോടെ വന്‍ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് ഇവിടെ യുഡിഎഫ് നേതൃത്വം. മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍,നിലമ്പൂര്‍ മണ്ഡലങ്ങളിലും ചുരം അതിരിടുന്ന തിരുവമ്പാടി മണ്ഡലത്തിലും അണികള്‍ കടുത്ത ആവേശത്തിലാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഭൂരിപക്ഷം നേടുന്ന മണ്ഡലമായി ഈ വിഐപി മണ്ഡലം മാറുമെന്ന കണക്കുകൂട്ടലിലാണവര്‍. 6,55,786 പുരുഷന്മാരും , 6,70,002 സ്ത്രീ കളും ഉള്‍പ്പെടെ 13,25,788 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 78,462 പേര്‍ കന്നി വോട്ടര്‍മാരാണ്.

rahul gandhiWayanadcongress candidate
Comments (0)
Add Comment