അമിത് ഷാ പറഞ്ഞതല്ല കേരളം; രാജ്യത്ത് എല്ലാ മതക്കാര്‍ക്കും സന്തോഷത്തോടെ ജീവിക്കണം; കേരളം മാതൃക: രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 16, 2019

പത്തനാപുരം: ആവേശമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പത്തനാപുരത്ത്. കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഇന്ത്യ ഒരേയൊരു ചിന്തയുടെ ഇടമല്ല ഒരുപാട് ചിന്തകളുടെ സമന്വയമാണെന്ന സന്ദേശമാണ് നല്‍കുന്നത്.

കേരളത്തിന്റെ സഹിഷ്ണുതയുടെ ചരിത്രം ആണ് എന്നെ ആകര്‍ഷിച്ചത്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരണമായതിനാലാണ് കേരളം തെരഞ്ഞെടുത്തത്. വയനാടിനെക്കുറിച്ചും കേരളത്തെക്കുറിച്ചും അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെയും രാഹുല്‍ശക്തമായി പ്രതികരിച്ചു. രാജ്യം ആര്‍എസ്എസില്‍ നിന്ന് വലിയ ആക്രമണം നേരിടുന്നുവെന്നും ആര്‍എസ്എസിന്റേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും തച്ചുതകര്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അഹിംസയിലൂടെ കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ രാജ്യത്തെ ഓരോ വ്യക്തിയും ഏത് മതത്തില്‍ പെട്ട ആളായാലും സന്തോഷത്തോടെ ഓരോ വ്യക്തിയും ജീവിക്കണം. കേരളം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുകൊണ്ടാണ് ഞാന്‍ കേരളം തിരഞ്ഞെടുത്തത്.