വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകതന്നെ വേണം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 16, 2019

പത്തനംതിട്ട: എല്ലാവിഭാവങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുത് -രാഹുല്‍ പറഞ്ഞു.
ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് വലിയ സഹായം ചെയ്യാനാകുമെന്നും രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞു.
മലയാളം തനിക്ക് പൂര്‍ണ്ണമായി പഠിക്കാന്‍ സാധിക്കില്ലെങ്കിലും കുറച്ച് വാക്കുകളൊക്കെ എനിക്ക് പഠിക്കാനാവുമെന്നും കുറച്ചൊക്കെ പഠിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാവര്‍ക്കും വിഷുവും ഈസ്റ്ററും ആശംസിച്ച്കൊണ്ടാണ് രാഹുല്‍ പത്തനംതിട്ടയിലെ പ്രസംഗം അവസാനിപ്പിച്ചത്.