മലപ്പുറം വയനാട് ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം.പി അറിയിച്ചു. മലപ്പുറം ജില്ലയിലെയും, വയനാട് മണ്ഡലത്തിലെയും കൊവിഡ് പ്രതിരോധപ്രവര്‍ത്തന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ അറിയിച്ചത്.
മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപന തോത്, ചികിത്സാ സൗകര്യങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ കല്ലെക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ എ.പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, എന്‍.എം മെഹറലി, സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്‍റ് കലക്ടര്‍ എ. വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍) പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ വയനാട് മണ്ഡലത്തിലെ കൊവിഡ് പ്രതിരോധത്തിന് വലിയ പിന്തുണ രാഹുൽ ഗാന്ധി നൽകിയിരുന്നു. 500 പി. പി. ഇ കിറ്റുകൾ, 50 തെർമൽ സ്കാനർ, 20000 മാസ്ക്ക്, 1000 ലിറ്റർ സാനിറ്റൈസർ, 51 പഞ്ചായത്തുകളിലെയും 5 മുനിസിപ്പാലിറ്റിയിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് 500 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കൾ എം.പി എത്തിച്ചു നൽകിയിരുന്നു.
കൂടാതെ കൊവിഡ് കാലത്ത് പ്രയാസം അനുഭവിക്കുന്ന ഡയാലിസിസ് രോഗികളായ 1000 പേർക്ക് ഡയാലിസിസ് കിറ്റുകളും അദ്ദേഹം എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ നേരിട്ടെത്തി കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തുകയും പിന്തുണ നൽകുകയും ചെയ്യുന്നത്.