ദുബായ് : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിന്ധിയിലായ പ്രവാസികളുടെ ദുരിത ജീവിതം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ രാഹുല്‍ ഗാന്ധിക്ക് എംപിയ്ക്ക് , മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം. സമൂഹമാധ്യമങ്ങളിലും മറ്റും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളൊരു അവശ്യ ഘട്ടത്തിലൂടെയാണ് പ്രവാസികളായ, നമ്മുടെ സഹോദരീസഹോദരന്മാര് കടന്ന് പോകുന്നത്. ഇവരെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ വിമാന സര്‍വീസുകളും, ഐസൊലേഷന്‍ സൗകര്യവും ഒരുക്കണമെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. ഈ സന്ദേശം സഹിതമാണ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍, കേരളത്തിന്റെ കൂടി എം പിയായ രാഹുല്‍ ഗാന്ധിയ്ക്കായി പോസ്റ്ററുകളും പ്രതികരണങ്ങളും വ്യാപകമുന്നത്.
കൊവിഡ് 19 പ്രതിസന്ധി മൂലം, മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളില്‍ കമ്പനികള്‍ വലിയ ഭീഷണി നേരിടുകയാണ്. ഇതുമൂലം ദുരിതത്തിലായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇവരെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ പദ്ധതികളുണ്ടാക്കണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിസന്ധി , മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ തൊഴിലാളികളെ കടുത്ത ദുരിതത്തിലേക്കും നിരാശയിലേക്കും തള്ളിയിട്ടിരിക്കുകയാണ്. അവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അതിയായി ആഗ്രഹിക്കുകയാണെന്നും, പ്രവാസികളുടെ മനസ് തിരിച്ചറിഞ്ഞ് രാഹുല്‍ പറഞ്ഞു. ഇപ്രകാരം, രാഹുല്‍ഗാന്ധിയുടെ യുഎഇ, ബഹ്റൈന്‍ ഗള്‍ഫ് സന്ദര്‍ശനത്തിലെ, ഓര്‍മ്മകളും ചിത്രങ്ങളുമായാണ്, രാഷ്ട്രീയം മറന്നുള്ള പ്രവാസികളുടെ പ്രതികരണം വരുന്നത്.
എഐസിസി കീഴിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( ഐ ഒ സി ) ഗ്ളോബല്‍ ചെയര്മാന് ഡോ.സാം പിത്രോഡ , ഐ ഒ സിയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവര്‍, ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി എം പിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി ഇരുവരും ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി പ്രവാസികള്‍ക്കായി ഈ സുപ്രധാന വിഷയങ്ങള്‍ അക്കമിട്ട് അധികാരികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.