‘പ്രധാനമന്ത്രി രഹസ്യ വിവരം ചോര്‍ത്തിനല്‍കി, അംബാനിയുടെ ഇടനിലക്കാരനായി’; റഫാലില്‍ പുതിയ തെളിവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, February 12, 2019

ന്യൂഡല്‍ഹി: റഫാല്‍ പ്രതിരോധ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി അനില്‍ അംബാനിക്കു ചോര്‍ത്തി നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. ഇതിനു തെളിവായി എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇമെയില്‍ സന്ദേശം രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

ഒപ്പിടുന്നതിനു പത്തു ദിവസം മുമ്പുതന്നെ തനിക്കാണ് കരാര്‍ ലഭിക്കുകയെന്നു വ്യക്തമാക്കി അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ടിരുന്നുവെന്നാണ് ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നത്. അനില്‍ അംബാനിക്ക് എങ്ങനെയാണ് ഈ വിവരം ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അനില്‍ അംബാനി പ്രതിരോധ നിര്‍മാണ കമ്പനി തുടങ്ങിയതെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയാണ് വിവരം അനില്‍ അംബാനിക്കു ചോര്‍ത്തി നല്‍കിയത്. അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാട് പരിശോധിച്ച സിഎജിക്കെതിരെയും രാഹുല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സിഎജി ചൗക്കിദാര്‍ ഓഡിറ്റര്‍ ജനറല്‍ ആയി മാറിയെന്ന് രാഹുല്‍ പരിഹസിച്ചു. മോദിക്കു വേണ്ടി മോദിയാല്‍ എഴുതപ്പെട്ട റിപ്പോര്‍ട്ടാണ് സിഎജിയുടേതെന്ന് രാഹുല്‍ പറഞ്ഞു.