ജഡ്ജിയെ അർധരാത്രിയില്‍ സ്ഥലംമാറ്റിയ നടപടി : ജസ്റ്റിസ് ലോയയെ ഓർമിപ്പിച്ച് രാഹുല്‍ ഗാന്ധി ; നാണക്കേടെന്ന് പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Thursday, February 27, 2020

ഡല്‍ഹി കലാപക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയ കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജസ്റ്റിസ് ലോയയെ അനുസ്മരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. സ്ഥലം മാറ്റാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓർമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണവിധേയനായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ലോയയുടെ  മരണം. സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ചാണ് ലോയ മരണപ്പെടുന്നത്. ലോയയുടെ മരണത്തില്‍ സംശയമുന്നയിച്ച് കുടുംബം രംഗത്തെത്തുകയും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യം സൂചിപ്പിച്ച്  ‘സ്ഥലം മാറ്റം നേരിടേണ്ടി വരാത്ത ധീരനായ ജഡ്ജ് ലോയയെ ഓര്‍ക്കുന്നു’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

ജസ്റ്റിസിനെ സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം ദുഃഖകരവും നാണം കെട്ടതുമാണെന്നാണ് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനെ സ്ഥലം മാറ്റിയതില്‍ അതിശയോക്തി ഇല്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയും  വിശ്വാസവുമാണ് ഇന്ത്യന്‍ ജുഡീഷ്യറി. നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം നിന്ദ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അർധരാത്രിയില്‍ സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര ഉത്തരവ് പുറത്തിറങ്ങിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്. ഡല്‍ഹി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്‍റെ ‍ബെഞ്ചിൽ നിന്ന് ഉണ്ടായത്. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് മുരളീധർ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും പറഞ്ഞിരുന്നു.