രാഹുൽ ഗാന്ധിയുടേയും ഉമ്മൻ ചാണ്ടിയുടേയും ഇടപെടല്‍ തുണയായി; മൈസൂർ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരളത്തിലെത്തി; നന്ദി പറഞ്ഞ് സംഘം| VIDEO

Jaihind News Bureau
Monday, May 4, 2020

 

നിരവധി ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം മൈസൂർ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കേരളത്തിലെത്തി. രാഹുല്‍ ഗാന്ധിയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ഇടപെടലാണ് ഇവർക്ക് തുണയായത്.

വിഷയം  പലതവണ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഭിന്നശേഷിക്കാരായ കുട്ടികളും, രക്ഷിതാക്കളും മൈസൂരിൽ തന്നെ തുടരേണ്ടി വരികയായിരുന്നു. ഒടുവിൽ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി  അജ്മൽ വണ്ടൂർ വിഷയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രാഹുൽ ഗാന്ധിയുടെ ഓഫീസിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി. വി ശ്രീനിവാസ്  മൈസൂരിൽ ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി.

കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ഉമ്മന്‍ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മടക്കയാത്രയ്ക്കുവേണ്ട  നടപടികൾ സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി  ഉറപ്പുനൽകി. അദ്ദേഹം  വയനാട് കളക്ടറുമായി ബന്ധപ്പെട്ട് സംഘം വയനാട്ടിലെത്തിയാൽ അവിടെ നിന്ന്  വീടുകളിലേക്ക് പോകാനുള്ള യാത്രാനുമതി ലഭ്യമാക്കുകയും വീടുകളിലേക്കെത്താന്‍ വാഹനങ്ങളും ക്രമീകരിച്ച് നല്‍കുകയായിരുന്നു.  അതേസമയം വീടുകളിലെത്തി ഇത്തരം കുട്ടികളുടെയും രക്ഷിതാക്കളുടെയും പരിശോധന ഉൾപ്പെടെ അതാത് സ്ഥലങ്ങളിലെ ആരോഗ്യപ്രവർത്തകർ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

https://www.youtube.com/watch?v=QmHkjJsRwDI