ജമ്മു കശ്മീർ: കേന്ദ്രഭരണപ്രദേശത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയും ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഇന്ന് വൈകീട്ട് ശ്രീനഗര്‍ സന്ദർശിച്ച ശേഷം നാളെ ഇരുവരും ജമ്മു സന്ദര്‍ശിക്കും. പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുമായുള്ള സഖ്യത്തിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്യും. 2014ലാണ് ജമ്മുകശ്മീരില്‍ അവസാനമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സർവ്വസജ്ജമാക്കാനാണ് ഇരുവരുടെയും സന്ദർശനം. ഇന്ന് ജമ്മുവിലെത്തി പ്രധാനപ്പെട്ട നേതാക്കളെ കാണുന്ന രാഹുലും ഖാർഗെയും നാളെ ശ്രീനഗറിലേക്ക് തിരിക്കും. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തിരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും. ആഗസ്റ്റ് 16നാണ് ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്.