റഫേലിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന് ശക്തമായ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തില്‍ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ലോക്സഭ തടസപ്പെട്ടു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ ബിജെപിക്ക് കടുത്ത തിരിച്ചടിയാകും ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
പ്രധാനമന്ത്രി 30,000 കോടി കൊള്ളയടിച്ചതായി തെളിഞ്ഞുവെന്നും റഫേലിൽ പ്രധാനമന്ത്രിയ്ക്ക് നേരിട്ടുള്ള പങ്ക് വ്യക്തമായതായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിരോധവകുപ്പിനെ മറികടന്ന് റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരചർച്ച നടത്തിയെന്ന വിവരം പുറത്ത് വന്നതോടെ മോദിയുടെ കള്ളം പിടിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസിന്റെ വാദം സത്യമെന്ന് തെളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. മോദിയ്ക്ക് കാവൽക്കാരന്റെയും കള്ളന്റെയും മുഖമാണെന്നും പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും കള്ളം പറഞ്ഞെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
റഫേലിൽ പുറത്ത് വന്ന പുതിയ വിവരങ്ങൾ ഞെട്ടിപ്പിച്ചുവെന്ന് എ.കെ ആന്റണി പറഞ്ഞു. സംഭവം ഗൗരവതരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കരാർ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ഫ്രാൻസിൽ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാർ ഉണ്ടാക്കിയത് നിയമപരമായും തെറ്റാണെന്നും എ.കെ ആന്റണി പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് ദേശതാല്പര്യത്തിനു എതിരാണെന്നും ആന്റണി വ്യക്തമാക്കി.