‘നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും നിലനില്‍ക്കുന്നത് ദൈവത്തിന്‍റെ കാരുണ്യത്തില്‍’ കൊവിഡില്‍ കേന്ദ്രത്തിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കൊവിഡിന്‍റെ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളില്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും ദൈവത്തിന്‍റെ കാരുണ്യത്തിലാണ് നിലനില്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വ്യാപനം തടയുന്നതിലും നിലവിലെ രൂക്ഷമായ സാഹചര്യത്തിലും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെ വിമർശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘നഗരങ്ങള്‍ക്ക് പിന്നാലെ, ഇപ്പോള്‍ ഗ്രാമങ്ങളും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു ‘ – രാഗുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ ഗ്രാമങ്ങളിലും കൊവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാജ്യം അതിഗുരുതരമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സെന്‍ട്രല്‍ വിസ്തയുടെ നിർമാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്യത്തിനാവശ്യം പ്രാണവായുവാണെന്നും അല്ലാതെ പ്രധാനമന്ത്രിക്കുവേണ്ടിയുള്ള ഭവനപദ്ധതിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡില്‍ പ്രാണവായു ഇല്ലാതെ ജനം പിടയുമ്പോഴും ഓക്സിജന്‍ ദൌർലഭ്യം പരിഹരിക്കാന്‍ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. പ്രഥമപരിഗണന നല്‍കേണ്ട അതീവ ഗുരുതര സാഹചര്യത്തോട് മുഖംതിരിച്ചാണ് 20000 കോടിയിലേറെ ചെലവഴിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

Comments (0)
Add Comment