‘കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി മോദി , കൃത്യമായ വിവരങ്ങള്‍ നല്‍കുകയും സത്യം പറയുകയും ചെയ്യുന്നവര്‍ക്കു നേരെ ചെവി കൊട്ടിയടച്ചു ‘ : വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം മോദിക്കാണെന്നും അദ്ദേഹത്തിന് കൊവിഡ് എന്താണെന്നു മനസിലായിട്ടു പോലുമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വൈറസിനെ അവഗണിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. അദ്ദേഹത്തിനു പ്രതിച്ഛായയെക്കുറിച്ചു മാത്രമാണ് ആശങ്ക. കൃത്യമായ വിവരങ്ങള്‍ നല്‍കുകയും സത്യം പറയുകയും ചെയ്യുന്നവര്‍ക്കു നേരെ പ്രധാനമന്ത്രി ചെവി കൊട്ടിയടച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘നമ്മള്‍ വാതിലുകള്‍ എല്ലാം തുറന്നിട്ടു. ഇപ്പോഴും അടയ്ക്കുന്നില്ല. അമേരിക്ക പകുതിയോളം ആളുകള്‍ക്കു വാക്‌സീന്‍ നല്‍കിക്കഴിഞ്ഞു. ബ്രസീലില്‍ 9% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. അവരാരും വാക്‌സീന്‍ തലസ്ഥാനമല്ല. നമ്മളാണ് വാക്‌സീന്‍ നിര്‍മിക്കുന്നത്. വെറും 3 ശതമാനത്തിനു മാത്രം വാക്‌സീന്‍ നല്‍കിയാല്‍ അടുത്ത തരംഗവും തടയാനാവില്ല. കൂടുതല്‍ സമയം അനുവദിച്ചാല്‍ വൈറസ് പുതിയ വകഭേദങ്ങളായി രൂപാന്തരപ്പെടും. ഇത്തരത്തിലാണ് വാക്‌സീനേഷന്‍ എങ്കില്‍ മൂന്നാം നാലും തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കും’ – രാഹുല്‍ പറഞ്ഞു.

സര്‍ക്കാര്‍ പുറത്തുവിടുന്ന കൊവിഡ് മരണസംഖ്യ തെറ്റാണെന്നും ഇതല്ല എണ്ണം മറച്ചുവയ്ക്കാനുള്ള സമയമെന്നും രാഹുല്‍ പറഞ്ഞു. സത്യം പറയാന്‍ സര്‍ക്കാര്‍ തയാറാകണം. കോവിഡ് മഹാമാരി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പാളിച്ച കൊണ്ടാണ് ലക്ഷങ്ങള്‍ക്കു ജീവന്‍ നഷ്ടമായത്. ലോക്ഡൗണും സാമൂഹിക അകലവും മാസ്‌കും താല്‍ക്കാലിക പരിഹാരം മാത്രമാണ്. വാക്‌സീനാണ് സ്ഥിരമായ പരിഹാരം. കൃത്യമായ വാക്‌സീന്‍ പദ്ധതി വേണമെന്ന് ഞാന്‍ തന്നെ പ്രധാനമന്ത്രിയോടു പറഞ്ഞതാണ്. എന്നാല്‍ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൊറോണയ്‌ക്കെതിരെയാണ് പോരാട്ടം. എന്നാല്‍ സര്‍ക്കാര്‍ വൈറസിനെതിരെയല്ല പ്രതിപക്ഷത്തിനെതിരെയാണു പോരാടുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

 

Comments (0)
Add Comment