ലക്ഷ്യം മഹാവിജയം ; യുവാക്കള്‍ക്കും പരിചയസമ്പന്നർക്കും ഇടമുണ്ടാകും : രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, January 27, 2021

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലക്ഷ്യമിടുന്നത് മഹാവിജയമെന്ന് രാഹുല്‍ ഗാന്ധി.  ഇടതുപക്ഷം കേരളത്തിന്‍റെ ഭാവിക്ക് തടസമെന്നും  നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

വണ്ടൂരിലെയും നിലമ്പൂരിലെയും യുഡിഎഫ് കൺവെൻഷനുകളിൽ ഇടതുപക്ഷത്തിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മോദിയുടെ കഴിവില്ലായ്മ മാത്രമല്ല ആർഎസ്‌എസ്‌ പ്രചരിപ്പിക്കുന്ന ആശയങ്ങളുടെ പ്രതിഫലനം കൂടിയാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥക്ക് കാരണം. സാമ്പത്തിക മേഖലയിൽ അടക്കം ഇത് പ്രതിഫലിക്കുന്നെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി. ചൈനക്കെതിരെ ഒരുവാക്ക് പറയാൻ പോലും മോദിക്ക് മടിയാണെന്നും അദ്ദേഹം പറഞ്ഞു.

‘വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോടാണ് നമ്മൾ പോരാടുന്നത്. മോദി സർക്കാർ ചെയ്യുന്ന ജനദ്രോഹ നീക്കങ്ങളും നാമെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആശയപരമായ ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്. ഇത് തൂത്തുവാരുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം’- രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷം എന്താണ് ചെയ്യുന്നത് എന്ന് ജനങ്ങൾക്ക് അറിയാം. ഇതെല്ലാം മുന്നിൽ കണ്ടു വേണം പ്രകടന പത്രിക തയ്യാറാക്കാൻ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുകയല്ല, തരംഗമാവുകയാണ് വേണ്ടത്.  കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് തനിക്ക് ഉറപ്പാണന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പരമ്പരാഗത രീതി മാറണം .യുവാക്കൾക്ക് അവസരങ്ങൾ നൽകണം. ജനങ്ങളിലേക്കിറങ്ങി അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പ്രകടന പത്രിക തയ്യാറാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് അംഗങ്ങളായ വണ്ടൂർ, നിലമ്പൂർ  അസംബ്ലി മണ്ഡലങ്ങളിലെ പ്രവർത്തകരോട് രാഹുൽ ഗാന്ധി സംവദിച്ചു.  കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നിലമ്പൂർ സ്വദേശിനിക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിച്ചു.