റഫാല്‍ വിവരങ്ങള്‍ നല്‍കാതെ കേന്ദ്രത്തിന്‍റെ ഒളിച്ചുകളി; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, August 22, 2020

 

ന്യൂഡല്‍ഹി: പ്രതിരോധ മേഖയിലെ കരാറുകളുമായ ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ റഫാൽ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ല. കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓഡിറ്റർ ജനറലിന് കേന്ദ്ര സർക്കാർ നിഷേധിച്ചു എന്നാണ് വിവരം. പുതിയ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ റഫാലിന്‍റെ പേരിൽ ഇന്ത്യൻ ഖജനാവിൽ നിന്ന് പണം മോഷ്ടിച്ചു എന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.

2019 ഡിസംബറിൽ സർക്കാരിന് സമർപ്പിച്ച സി‌എജി റിപ്പോർട്ടിൽ 12 പ്രതിരോധ ഓഫ്‌സെറ്റ് കരാറുകൾ മാത്രമാണ് അവലോകനം ചെയ്തിരിക്കുന്നത്. ഇതിൽ റഫാൽ ഇടപാട് ഉൾപ്പെട്ടിട്ടില്ല. റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ട് 8 മാസം പിന്നിട്ടു. റിപ്പോർട്ട് കേന്ദ്ര സർക്കാർ ഇതുവരെ പാർലമെന്‍റിലും സമർപ്പിച്ചിട്ടില്ല.  റഫാൽ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഎജിക്ക് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.  കരാർ യഥാർത്ഥ്യമായി മൂന്നുവർഷത്തിനുശേഷം മാത്രമേ വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ കഴിയൂ എന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചതായാണ് വിവരം. സിഎജിക്ക് കരാറുകായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാത്തത് റഫാലിൽ അഴിമതി നടന്നു എന്ന ആരോപണം ശരിവയ്ക്കുന്നു.

യു പി എ സർക്കാരിന്‍റെ കാലത്താണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ശ്രമം ആരംഭിച്ചത്. അന്ന് 126 വിമാനങ്ങൾ 79200 കോടി രൂപക്ക് വാങ്ങാനാണ് ധാരണ ഉണ്ടായത്. എന്നാൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ കരാറിൽ വൻ അഴിച്ചു പണികൾ നടത്തുകയും 36 വിമാനങ്ങൾ 58000 കോടി രൂപക്ക് വാങ്ങാൻ ധാരണ ഉണ്ടാക്കുകയും ചെയ്തു. യഥാർത്ഥത്തിൽ യു പി എ സർക്കാർ രാജ്യതാല്‍പര്യം മുൻ നിർത്തി മുന്നോട്ട് വെച്ച കരാർ മോദി സർക്കാർ അട്ടിമറിക്കുകയാണ് ചെയ്തത്. ഇടപാടിൽ 58000 കോടിയുടെ അഴിമതി ഉണ്ടായി എന്നാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്. പുതിയ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ റഫാലിന്‍റെ പേരിൽ ഇന്ത്യൻ ഖജനാവിൽ നിന്ന് പണം മോഷ്ടിച്ചു എന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.