മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല; റഫേലില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, January 8, 2019

Narendra Modi Rahul Gandhi

ന്യൂദല്‍ഹി: റഫേല്‍ അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരാള്‍ക്കും രക്ഷിക്കാനാകില്ലെന്നു രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണത്തില്‍ നിന്നും 30000 കോടി രൂപ മോദി അനില്‍ അംബാനിക്ക് നല്‍കിയെന്നത് രാജ്യം അറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ്മയെ സുപ്രീം കോടതി തിരികെ കൊണ്ടു വന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

”റഫേല്‍ കരാറിനെ കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് സിബിഐ മേധാവിയെ രാത്രി ഒരുമണിക്ക് പുറത്താക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുകയാണ്. അത്രയെങ്കിലും നീതി കിട്ടിയല്ലോ. കാണാം, എന്തു സംഭവിക്കുമെന്ന്” രാഹുല്‍ പറഞ്ഞു.

”അവര്‍ക്ക് റഫേലില്‍ നിന്നും ഓടി ഒളിക്കാനാകില്ല. അത് അസാധ്യമാണ്. മോദിജിക്ക് സംവാദത്തില്‍ നിന്നും ഓടി രക്ഷപ്പെടാം. ജനങ്ങളുടെ കോടതിയില്‍ ഞങ്ങളോട് അദ്ദേഹം റഫേല്‍ വിഷയം ചര്‍ച്ച ചെയ്യണമായിരുന്നു. റഫേലില്‍ നിന്നും അവരെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല. റഫേല്‍ സത്യമാണ്. സത്യത്തില്‍ നിന്നും ആര്‍ക്കും ഓടിയൊളിക്കാനാകില്ല” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി തീരുമാനത്തെ കോണ്‍ഗ്രസും സ്വാഗതം ചെയ്തു. അലോക് വര്‍മ്മയെ അനധികൃതമായും ജനാധിപത്യ വിരുദ്ധമായുമാണ് പുറത്താക്കിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു. ജനാധിപത്യം തിരിച്ചടിക്കുമെന്ന് സുപ്രീം കോടതി ഇന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും മോദി ഇനി എവിടെ ഒളിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.