‘തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നു’, നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി മാനിക്കുന്നു. തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി, നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.

അതേസമയം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് അധികാരത്തിലെത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയത്തിന് ഖാര്‍ഗെ നന്ദി പറഞ്ഞു. അതോടൊപ്പം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനത്തില്‍ വന്ന പാളിച്ചകള്‍ പരിശോധിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുമുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി ആവേശകരമായ പ്രചാരണമാണ് നടത്തിയത്. എല്ലാവരുടെയും പ്രയത്‌നത്തെ ഞാന്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും തിരിച്ചടികള്‍ തരണം ചെയ്ത്, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പൂര്‍ണമായി തയ്യാറെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment