രാഹുൽ ഗാന്ധിക്ക് 50-ാം പിറന്നാൾ; ജനനായകന് ആശംസകൾ നേർന്ന് രാജ്യം

Jaihind News Bureau
Friday, June 19, 2020

Rahul-Gandhi-Birthday001

രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ.  പാർട്ടി പദവികളില്ലാതിരിക്കുമ്പോഴും തന്‍റെ രാഷ്ട്രീയ കർമ്മമണ്ഡലത്തിൽ ഉറച്ച കാൽവെപ്പോടെ ജൈത്രയാത്ര തുടരുകയാണ് അദ്ദേഹം. 1970 ജൂൺ 19നായിരുന്നു രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മകനായി രാഹുലിന്റെ ജനനം. വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സാരഥ്യം വഹിച്ച കുടുംബത്തിലെ പുതുതലമുറ. നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനായിരുന്നു രാഹുലിന്റെ നിയോഗമെന്ന് ഒരുപക്ഷേ അന്നേ കാലം തീരുമാനിച്ചിരിക്കും.

രാജ്യദ്രോഹികളുടെ തോക്കിനുമുന്നിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന പ്രിയപ്പെട്ടവരുടെ രക്തം ചിന്തിയ വഴികളിലൂടെ തന്നെയാണ് രാഹുലിന്റേയും കർമയാത്ര. ഭയമേതുമില്ലാതെ പ്രസ്ഥാനത്തെ നെഞ്ചേറ്റി പാവപ്പെട്ടവന്റെ കണ്ണീരൊപ്പി നിറപുഞ്ചിരിയോടെ ജനകീയനായി മാറി രാഹുൽ ഗാന്ധി. രാജ്യവും പാർട്ടിയുമേൽപ്പിക്കുന്ന ഭാരിച്ച ചുമതലകൾ തന്റേതായ ശൈലിയിൽ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ കരുത്തിൽ രാഹുൽ നിഷ്പ്രയാസം ചെയ്തു തീർക്കുന്നു. വിദേശ യൂണിവേഴ്‌സിറ്റികളിൽ നിന്ന് നേടിയെടുത്ത മികച്ച വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും ഈ യുവനേതാവിന്റെ രാഷ്ട്രീയ പാതയിൽ വെളിച്ചമേകി.

വിദ്യാഭ്യാസത്തിന് ശേഷം അമ്മ സോണിയാഗാന്ധിക്ക് പിന്തുണയേകി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച രാഹുൽ ഗാന്ധി 2004 ലാണ് ലോക്‌സഭാംഗമാകുന്നത്. അന്നു മുതൽ തുടര്‍ച്ചയായി യുപിയിലെ അമേഠിയെ പ്രതിനിധീകരിച്ച അദ്ദേഹം 17ാം ലോക്‌സഭയിൽ വയനാട്ടിൽ നിന്നും വെന്നിക്കൊടി പാറിച്ചു. വയനാട്ടുകാര്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയാണ്  അദ്ദേഹത്തെ സ്വീകരിച്ചത്.

രാജ്യം പ്രതിസന്ധികളെ നേരിടുകയും ഭരണകൂടം ഉത്തരവാദിത്തം നിറവേറ്റാതെ വരികയും ചെയ്യുമ്പോൾ രാഹുൽ തുടർച്ചയായി ചോദ്യങ്ങൾ ഉയർത്തുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതൃത്വം ഭയക്കുന്നതും ഈ ചോദ്യങ്ങളെയാണ്. അതുകൊണ്ടു തന്നെ പല ഘട്ടങ്ങളിലും ബിജെപി നേതാക്കളുടെ കടന്നാക്രമണങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നിട്ടുണ്ട്.  എന്നാൽ ഒരു ഘട്ടത്തിലും തന്‍റെ നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഏറ്റവുമൊടുവില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോഴും രാജ്യത്ത് കൊവിഡിന്റേയും ലോക്ഡൗണിന്റേയും കുടിയേറ്റ തൊഴിലാളികളുടേയും ദുരിതങ്ങളില്‍ നടപടികളെടുക്കാതെ മോദിയും കേന്ദ്രസര്‍ക്കാരും പിന്‍വലിഞ്ഞപ്പോഴും ദിവസേന ട്വീറ്റുകളും അഭിമുഖങ്ങളുമായി  കര്‍മ്മമേഖലയില്‍ അദ്ദേഹം സജീവമായി. കൊവിഡ് 19 രാജ്യത്ത് വന്നാലുള്ള ദുരിതത്തെ കുറിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ആദ്യം മുന്നറിയിപ്പ് നല്‍കി. പാത്രം കൊട്ടുന്നതും പൂവിതറുന്നതുമടക്കമുള്ള നാടകീയ പ്രഖ്യാപനങ്ങള്‍ നടത്താതെ ടെസ്റ്റുകളെ കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെ കുറിച്ചും സംസാരിച്ചു. വിദഗ്ധരുടെ വാക്കുകള്‍ കേട്ടു. അവര്‍ക്ക് പറയാന്‍ അവസരം നല്‍കി.

എതിരാള്‍ക്കെതിരെ പോരാടുമ്പോഴും രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമാകാനും രാഹുല്‍ ഗാന്ധിക്കായി. അതിഥി തൊഴിലാളികളുടെ ഉള്‍പ്പെടെ ദുരിതം കേട്ടറിയാന്‍ അവർക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരം കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. ഒന്നുറപ്പാണ് രാഹുല്‍ ഗാന്ധിയിലാണ് ഇന്ത്യയിലെ ജനങ്ങള്‍ നാളെയുടെ പ്രതീക്ഷയെ അര്‍പ്പിക്കുന്നത്. രാജ്യത്തെ നാനാ തുറകളിൽ നിന്നുള്ളവരേയും കോര്‍ത്തിണക്കി ഒരു പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള പടയോട്ടത്തിലാണ് അദ്ദേഹം. കർമ്മപഥത്തിലെ തുടർന്നുള്ള യാത്രകൾക്ക് എല്ലാവിധ ഭാവുകങ്ങളും.