‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം’: ഗാന്ധിയുടെ വാക്കുകളാല്‍ രാഹുലിനെ അഭിനന്ദിച്ച് രാജ്യം

Jaihind Webdesk
Tuesday, December 11, 2018

‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം’ മഹാത്മഗാന്ധിയുടെ ഈ വാക്കുകള്‍ക്ക് സമാനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഈ ദിവസത്തെ വിജയങ്ങള്‍.
കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ചുമതലയേറ്റെടുത്തിട്ട് ഒന്നാംവാര്‍ഷികം ഈ ദിവസത്തില്‍ തന്നെ അദ്ദേഹത്തില്‍ ഈ വിജയങ്ങള്‍ വന്ന് ചേര്‍ന്നിരിക്കുകയാണ്. വ്യക്തിപരമായ അവഹേളനങ്ങളും ആക്ഷേപങ്ങളും ആയുധമാക്കിയ ബി.ജെ.പിയെയും മോദിയെയും ക്ഷമയുടെയും കഠിനാധ്വാനത്തിലൂടെയും മറുപടി പറയുകയായിരുന്നു അദ്ദേഹം. സത്യവും മിഥ്യയും ശരി തെറ്റുകളും തമ്മിലുള്ള പോരാട്ടമായിരുന്നു ഈ നാളുകളില്‍. ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുന്നതിന് ശ്രമിച്ച വര്‍ഗ്ഗീയ ശക്തികളെ തുരത്തിയതിന് ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ശരിയായ വികസനത്തിന്റെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും അഭിമുഖികരിക്കുന്ന രാഷ്ട്രീയത്തിലേക്ക് രാജ്യം മുന്നേറുകയാണ്.

2017 ഡിസംബര്‍ 11ന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത് ഒരു വര്‍ഷം ആകുമ്പോള്‍ ശ്രദ്ധേയമായ വിജയമാണ് പാര്‍ട്ടി നേടുന്നത്. മിസോറാമില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും രാഹുലിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന പ്രാദേശിക പാര്‍ട്ടികളെ മാറി ചിന്തിപ്പിക്കാന്‍ പോന്ന വിജയമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി രാഹുലിനെ ഇകഴ്ത്തി കാണിച്ചാണ് പ്രചാരണം നടത്തിയത്. ഇതിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.

2014ല്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഭൂരിഭാഗം വാഗ്ദാനങ്ങളും നിറവേറ്റിയില്ല. പ്രതിമ രാഷ്ട്രീയം, പശു രാഷ്ട്രീയം, സ്ഥലപ്പേരുകള്‍ മാറ്റിയുളള വികസനം, ക്ഷേത്ര നിര്‍മ്മാണം, റാഫേല്‍ അടക്കമുളള അഴിമതികള്‍ ബിജെപിക്കെതിരെ വജ്രായുധമാക്കാന്‍ കോണ്‍ഗ്രസിനാവുകയും ചെയ്തു. കൂടാതെ നോട്ട് നിരോധനം, ജിഎസ്ടി എന്നിവ അടക്കമുളള പരിഷ്‌കാരങ്ങളും ബിജെപിക്കെതിരെ ജനങ്ങളെ തിരിയാന്‍ പ്രേരിതമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭരണ നേട്ടം പറയുന്നതിന് പകരം രാഹുലിനെതിരായ പ്രചാരണവും വര്‍ഗീയ പ്രചാരണവും ആണ് ബിജെപി നടത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു മുഖ്യ പ്രചാരകന്‍.