പത്തു മിനുട്ട് നേരം ഒരു വേദിയിൽ നിന്ന് തന്നോട് നേർക്കുനേർ സംസാരിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിൽ കോൺഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ബിജെപി കരുതുന്നത് അവർ ഇന്ത്യയേക്കാൾ വലുത് ആണെന്നാണ്. ബിജെപിയ്ക്ക് നല്‍കിയിരിക്കുന്നത് മോദിയുടെ മുഖം ആണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാൽ സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാൻ കോടതിയെപ്പോലും അമിത് ഷാ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണെന്നും രാജ്യമാണ് പാര്‍ട്ടിയെക്കാൾ വലുതെന്ന് അവർക്കും ബോധ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ വോട്ടര്‍മാർ പ്രതീക്ഷ അര്‍പ്പിക്കുന്നത് കോൺഗ്രസിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രിയ്ക്ക് മൂർദ്ദാബാദ് പറയരുതെന്ന് അദ്ദേഹം രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ഒരിക്കലും അത്തരം വാക്കുകള്‍ ഉപയോഗിക്കരുതെന്നും സ്നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോൽപിക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് കോൺഗ്രസ് പാർട്ടി വേണ്ടിയാണ് നിലകൊള്ളുന്നത്. റൂർക്കലയിൽ നടത്തിയ പൊതുപരിപാടിയ്ക്കിടെ മോദിയുടെ പേര് പരാമർശിച്ച ഉടൻ കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഏകസ്വരത്തിൽ മൂർദ്ദാബാദ് വിളിച്ചതിനെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ബിജെപിയും ആർഎസ്എസുമാണ് അത്തരം വാക്ക് ഉപയോഗിക്കുന്നത്. നമ്മൾ കോൺഗ്രസ് പ്രവർത്തകരാണ്. സ്നേഹത്തിലും അനുകമ്പയിലും വിശ്വസിക്കുന്ന നമ്മൾ ഒരിക്കലും ഈ വാക്ക് ഉപയോഗിക്കരുത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.