‘രാഹുല്‍ ഗാന്ധിയുടേത് തികച്ചും ന്യായമായ ആവശ്യം’; അദാനി-അംബാനിയില്‍ മോദി നിശബ്ദനായിപ്പോയത് എന്തുകൊണ്ടെന്ന് പി. ചിദംബരം

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിൽ മോദി നിശബ്ദനായത് എന്തുകൊണ്ടെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നല്‍കിയോ എന്ന മോദിയുടെ ചോദ്യത്തിന് അങ്ങനെയെങ്കില്‍ സിബിഐയും ഇഡിയും ഇക്കാര്യം അന്വേഷിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. രാഹുല്‍ ഗാന്ധിയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് ചിദംബരം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരുന്നു. രണ്ട് പ്രമുഖ വ്യവസായികളുടെ പക്കല്‍ ടെമ്പോ കണക്കിന് പണമുണ്ടെന്നും അത് കോൺഗ്രസ് പാർട്ടിക്ക് കൈമാറിയെന്നുമായിരുന്നു അത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ആരോപണത്തെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തികച്ചും ന്യായമാണ്” – പി. ചിദംബരം പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ ഉന്നയിച്ച ആരോപണത്തെ  ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. സിബിഐയും ഇഡിയും അന്വേഷിക്കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടും എന്താണ് കഴിഞ്ഞ 24 മണിക്കൂറായിട്ടും പ്രധാനമന്ത്രി മിണ്ടാത്തതെന്നും ധനമന്ത്രി പ്രതികരിക്കാത്തതെന്നും ചിദംബരം ചോദിച്ചു. വിഷയത്തില്‍ ഇരുവരും തുടരുന്ന മൗനം അപകീർത്തികരവും ദുരൂഹവുമാണെന്നും പി. ചിദംബരം പറഞ്ഞു.

മോദിയുടെ അദാനി-അംബാനി പരാമർശത്തിന് പിന്നാലെ കുറിക്കുകൊള്ളുന്ന മറുപടിയുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രംഗത്ത് എത്തി. മേയ് 8 ന് ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയെക്കുറിച്ചും അംബാനിയെക്കുറിച്ചും മിണ്ടാത്തത് എന്താണെന്നും ടെമ്പോയില്‍ പണം കിട്ടിയോ എന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ മറുപടിയെത്തി. ടെമ്പോയില്‍ പണം നല്‍കുമെന്നത് താങ്കളുടെ സ്വന്തം അനുഭവത്തില്‍ നിന്നാണോ പറയുന്നതെന്ന് രാഹുല്‍ തിരിച്ചടിച്ചു. പണം നല്‍കിയെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാന്‍ അദാനിയുടെയും അംബാനിയുടെയും അടുത്തേക്ക് ഇഡിയെയും സിബിഐയെയും വിടാനും രാഹുല്‍ വീഡിയോ സന്ദേശത്തില്‍ മറുപടി നല്‍കി. എന്നാല്‍ ഇതിന് മോദി മറുപടി നല്‍കാതെ നിശബ്ദനാവുകയായിരുന്നു.

Comments (0)
Add Comment