രാജ്യത്ത് സാമ്പത്തിക മാന്ദ്യം ശക്തമാകുന്നു; ഉടന്‍ നടപടി വേണമെന്ന് രഘുറാം രാജന്‍

മുംബൈ: രാജ്യത്തെ സാമ്പത്തികസ്ഥിതി കനത്ത ആശങ്കക്കിടയാക്കുന്നുവെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. സാമ്പത്തിക രംഗത്തെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ് കൂടുതല്‍ അസ്വസ്ഥ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. വ്യാപാര യുദ്ധം മുറുകുന്നതിനാല്‍ അമേരിക്ക അടുത്ത വര്‍ഷം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ഇന്ത്യക്ക് ഭീഷണിയാണ്. സാമ്പത്തിക മുരടിപ്പ് മാറ്റാന്‍ പാക്കേജ് അടക്കമുള്ള ഇളവുകള്‍ക്കായി ദിവസങ്ങളായി വ്യവസായ ലോകം അഭ്യര്‍ഥിക്കുന്നുണ്ട്. മാന്ദ്യം മുറുകി കമ്പനികള്‍ പൂട്ടുകയും തൊഴിലാളികള്‍ വഴിയാധാരമാവുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, കഴിഞ്ഞ മോദിസര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ നയവൈകല്യമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി തുറന്നടിച്ചു. നോട്ട് അസാധുവാക്കല്‍, ധിറുതി പിടിച്ച് ജി.എസ്.ടി നടപ്പാക്കല്‍ എന്നിവ വിവിധ മേഖലകളിലുണ്ടാക്കിയ പ്രതിസന്ധികള്‍ ഇപ്പോഴും സമ്പദ്‌രംഗത്തെ വേട്ടയാടുന്നതിനിടയിലാണ് സ്വാമിയുടെ പരാമര്‍ശം.

മാന്ദ്യം കനക്കുന്നതുമൂലം വില്‍പന ജൂലൈയില്‍ മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന കണക്ക്്. മാസങ്ങളായി വില്‍പന താഴോട്ടാണ്. ഹീറോ, ടാറ്റ, അശോക് ലെയ്‌ലാന്റ്, ടി.വി.എസ് തുടങ്ങി പല കമ്പനികളും ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ ചുരുക്കി. മൂന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
വീട്, ഭൂമി എന്നിവയുടെ ക്രയവിക്രയം നന്നേ കുറഞ്ഞു. 45 ലക്ഷം രൂപയില്‍ താഴെ വിലയുള്ള, താങ്ങാവുന്ന നിരക്കുള്ള നാലു ലക്ഷം ഫ്‌ലാറ്റുകള്‍ ഒമ്പതു നഗരങ്ങളിലായി വിറ്റുപോകാതെ കിടക്കുന്നുവെന്നാണ് കണക്ക്. മുംബൈയില്‍ മാത്രം ഒന്നര ലക്ഷത്തോളം വരും.
രാജ്യത്തെ തൊഴിലില്ലായ്മ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്നതോതില്‍ എത്തിയെന്ന് ഔദ്യോഗിക കണക്ക്. വിപണിയിലെ മാന്ദ്യം വിവിധ രംഗങ്ങളിലെ തൊഴിലവസരങ്ങളെ ബാധിച്ചു. പുതിയ നിയമനങ്ങള്‍ കുറഞ്ഞു.

raghuram rajanindian economy
Comments (0)
Add Comment