സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന്‍റെ അഭിമാനമായി റാങ്ക് നേട്ടം സ്വന്തമാക്കിയ ശ്രീധന്യക്കെതിരെ വംശീയ അധിക്ഷേവുമായി സംഘപരിവാര്‍ അനുഭാവി. കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ സിവില്‍ സർവീസ് പരീക്ഷയില്‍ റാങ്ക് നേട്ടം സ്വന്തമാക്കുന്നത്. കേരളം ഈ വിജയം ആഘോഷിക്കുന്നതിനിടെയാണ് അജയ് കുമാര്‍ എന്ന സംഘപരിവാര്‍ അനുഭാവിയുടെ ക്രൂരമായ അധിക്ഷേപ പരാമർശം.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തില്‍ നിന്നാണ് ശ്രീധന്യയുടെ വരവ്. ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തില്‍ നിന്നുള്ള ശ്രീധന്യ ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പടവെട്ടിയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് സ്വന്തമാക്കിയത്. എന്നാല്‍ ധന്യയുടെ നിറത്തെയും രൂപത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് അജയ് കുമാര്‍ എന്ന വ്യക്തി നടത്തിയത്. ആദിവാസികളെ വംശീയമായി അധിക്ഷേപിക്കുന്ന കമന്‍റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പടരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന ആവശ്യവും ശക്തമാവുകയാണ്.