കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എം ആണെന്ന് പറയാന്‍ തയാറാകാതെ കുറിപ്പ് ഇട്ട എഴുത്തുകാരി ശാരദക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം.
“നീതിയും ധാർമ്മികതയും ജനാധിപത്യ ബോധവും പ്രസംഗിക്കാനുള്ള വെറും വാക്കുകൾ മാത്രമല്ല. അവയെ കശാപ്പു ചെയ്യുന്നവർ ആരായാലും അവർക്കൊപ്പമില്ല” – ഇതായിരുന്നു ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റിന് താഴെ പ്രതിഷേധ കമന്‍റുകളുടെ ഒഴുക്കായിരുന്നു പിന്നീട്. വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
“അങ്ങനെ ആരെങ്കിലും അല്ല ശാരദക്കുട്ടീ, ഇപ്പോഴിവിടത്തെ കശാപ്പുകാർ സി.പി.എമ്മാണ്. അത് തുറന്ന് പറയാതെയുള്ള നിങ്ങളുടെയൊക്കെ ഈ ജനറലൈസേഷൻ വെറും ഉഡായിപ്പ് ആണ്. കുഞ്ഞനന്തനേപ്പോലുള്ള കൊടും ക്രിമിനലുകൾക്ക് വേണ്ടി അധികാരം ദുർവിനിയോഗം ചെയ്യുമ്പോഴും പിണറായി വിജയന് മംഗളപത്രമെഴുതാൻ മത്സരിച്ച നിങ്ങളേപ്പോലുള്ള സാംസ്കാരിക നായകർക്കൊക്കെ ഈ ചോരയിൽ ധാർമിക ഉത്തരവാദിത്തമുണ്ട്” – വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.
കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. സി.പി.എമ്മിന്‍റെ ഓഫീസിലിരുന്ന് എഴുതിയതുപോലെയുണ്ടെന്നാണ് ചിലര്‍ പ്രതികരിച്ചത്. ശാരദക്കുട്ടിയുടെ പോസ്റ്റിനെതിരായ ജനരോഷം കാരണമായിരിക്കാം കുറച്ചുകൂടി ബാലന്‍സ് ചെയ്ത് എഴുതിയിട്ടുണ്ടെന്നും പരിഹാസം ഉയര്‍ന്നു.