റഫാല്‍ വിവാദങ്ങള്‍ക്കിടെ രണ്ട് ഉദ്യോഗസ്ഥരെ ‘തെറിപ്പിച്ച്’ കേന്ദ്രസര്‍ക്കാര്‍

webdesk
Tuesday, December 25, 2018

റഫാല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ രണ്ട് ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ തൽസ്ഥാനത്ത് നിന്നും മാറ്റി. പ്രതിരോധ മന്ത്രാലയത്തിലെയും ധനകാര്യ വകുപ്പിലെയും രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥാനം മാറ്റിയത്. നിയമനം നടന്ന് മാസങ്ങൾക്കുള്ളിലാണ് സ്ഥാനമാറ്റം.

പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മധുലിക സുകുളിനെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചു. മധുലികയുടെ ഭര്‍ത്താവ് പ്രശാന്തിനെ ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്കും സ്ഥലംമാറ്റി. ഇരുവരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. 1984 ബാച്ചിലെ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിന്‍റെ ഭാഗമായിരുന്നു രണ്ടുപേരും.

പുറത്തുനിന്നുള്ള ഒരാളെ പ്രതിരോധ മന്ത്രാലയത്തില്‍ നിയമിച്ചിട്ടുള്ളതാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. സംഭവത്തില്‍ സുകുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ മാധുലിക ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ പ്രശാന്ത് ഫെബ്രുവരിയില്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കുക. എന്നാല്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നിലുള്ള ഔദ്യോഗിക കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റിലയന്‍സ് ഡിഫന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് നിയമന വേളയില്‍ തന്നെ മാധുലിക സുകുള്‍ വ്യക്തമാക്കിയിരുന്നു. ഇരു സ്ഥാനമാറ്റങ്ങളും ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.