റഫേല്‍: അഴിമതിയെ രാജ്യസുരക്ഷയുടെ പേരില്‍ മൂടിവെയ്ക്കുകയാണോ എന്ന് സുപ്രീംകോടതി

Jaihind Webdesk
Wednesday, March 6, 2019

റഫേലില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റഫേലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ പേരില്‍ മൂടിവെക്കാനാണോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സുപ്രീംകോടതി ചോദിച്ചു. മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന രേഖകള്‍ പ്രസക്തമെങ്കില്‍ പരിശോധിക്കേണ്ടി വരുമെന്നും ജസ്റ്റിസ് കെ എം ജോസഫ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കെ എം ജോസഫും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും തമ്മില്‍ കടുത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഈ മാസം പതിനാലിന് കേസ് വീണ്ടും പരിഗണിക്കും.

റഫേലില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റഫേലുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചതാണെന്നും അത് പരിശോധിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും രേഖകള്‍ ഒരു കാരണവശാലും പത്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും അത് ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു. അഴിമതിയുടെ കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ എന്ന് കെ എം ജോസഫ് മറുചോദ്യം ചോദിച്ചു. രേഖ പരിശോധിക്കേണ്ടതില്ല എന്ന വേണുഗോപാലിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ വിശദീകരിക്കണമെന്നും കെ എം ജോസഫ് പറഞ്ഞു. രേഖകള്‍ മോഷ്ടിച്ചത് ക്രിമിനല്‍ കുറ്റമെന്നായിരുന്നു ഇതിന് മറുപടിയായി എജി പറഞ്ഞത്.

റഫേലില്‍ അറ്റോര്‍ണി ജനറലും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷനും തമ്മില്‍ വാക്ക്പോരുണ്ടായി. പ്രതിരോധ രേഖകള്‍ക്ക് വിവാരാവകാശരേഖ ബാധകമല്ലെന്ന് എ.ജി പറഞ്ഞു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി രേഖകള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും എജി ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന ഹര്‍ജിക്കാരെ ഭീഷണിപ്പെടുത്താനാണെന്ന് പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.

റഫേലില്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. റഫേല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഡിസംബറിലെ സുപ്രീംകോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.[yop_poll id=2]