റഫാലില്‍ കത്തിക്കയറി രാഹുല്‍ ഗാന്ധി; മറുപടിയില്ലാതെ പ്രതിരോധമന്ത്രി

webdesk
Friday, January 4, 2019

ലോക്സഭയില്‍ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കത്തിക്കയറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് പങ്കെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. റാഫാലിലെ പണം ഇന്ത്യൻ ജനതയുടേതാണ്. ഇന്ത്യൻ ജനതയ്ക്ക് ഇതിന്‍റെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് കഴിഞ്ഞില്ല.

2 മണിക്കൂർ സംസാരിച്ചിട്ടും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അംബാനിക്ക് കരാർ എങ്ങനെ നൽകിയെന്ന് പറഞ്ഞില്ല. അംബാനിക്ക് കരാർ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പറഞ്ഞുവെച്ച നുണകളെ പ്രതിരോധിക്കാനാണ് പ്രതിരോധമന്ത്രി ശ്രമിക്കുന്നത്. അനിൽ അംബാനിയുടെ പേര് നിർദേശിച്ചത് മോദിയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്‍റ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. റഫാൽ ഇടപാട് രാജ്യാന്തര കടക്കാരനായ സുഹൃത്തിന് നൽകുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസുരക്ഷയെ ദുർബലപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു.

റഫാലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ വരുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി പ്രതിരോധമന്ത്രി  രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പറഞ്ഞു. തന്നെ കള്ളിയെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് നാടകം കളിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്തതെന്നും രാഹുല്‍ തുടര്‍ന്ന് പറഞ്ഞു.