റഫേൽ ഇടപാടിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി രംഗത്ത്. ഇടപാടിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാൻ വ്യോമസേന ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണമെന്ന നിർദ്ദേശമാണ് കോടതി നൽകിയിട്ടുള്ളത്. വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ആരെയും കാണേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ കൃത്രിമമുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടയിൽ അറ്റോർണി ജനറലിനെയും കോടതി വിമർശിച്ചിരുന്നു. നിലവിൽ റഫേൽ ഇടപാടിൽ കേന്ദ്രത്തിന്റെ നീക്കങ്ങളിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ നിലപാട്. ഇടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന വാദം പ്രശാന്ത് ഭൂഷണും ഉയർത്തിയിട്ടുണ്ട്.
റഫേൽ ഇടപാടിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറണമെന്ന നിർദ്ദേശം പാലിക്കാൻ ആദ്യം വിമുഖത കാട്ടിയ കേന്ദ്രം പിന്നീട് മുദ്രവെച്ച കവറിൽ വിവരങ്ങൾ കൈമാറുകയായിരുന്നു. വിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ കോടതി വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് മുദ്രവെച്ച കവറിൽ സർക്കാർ വിവരങ്ങൾ കേന്ദ്രം കൈമാറിയത്. വിമാനങ്ങളുടെ വില സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നതിനിടെയാണ് വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു വരുത്താൻ കോടതി നിർദ്ദേശം നൽകിയത്.