സ്ത്രീവിരുദ്ധ പരാമര്‍ശം : രാധാ രവിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

Jaihind Webdesk
Tuesday, March 26, 2019

Nayanthara-RadhaRavi-Vishal

പൊള്ളാച്ചി പീഡനപരമ്പരയിലെ ഇരകളെയും നടി നയൻതാരയേയും പൊതുവേദിയിൽ അപമാനിച്ച മുതിർന്ന തമിഴ് നടൻ രാധാ രവിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. നടനെ നടികർ സംഘത്തിൽനിന്ന് പുറത്താക്കിയതായി നടൻ വിശാൽ അറിയിച്ചു.

പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ ഡിഎംകെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നടൻ രാധാ രവിയെ നീക്കിയതായി ഡി.എം.കെ ജനറൽ സെക്രട്ടറി കെ. അൻപഴകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

നയൻതാര പ്രധാന വേഷത്തിലെത്തുന്ന കൊലയുതിർ കാലം എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമ്‌ബോഴായിരുന്നു നയൻതാരയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള രാധാ രവിയുടെ വിവാദ പരാമർശങ്ങൾ. നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ പാടില്ല. തെലുങ്കിൽ സീതയായും തമിഴിൽ പിശാചായും അവർ അഭിനയിക്കുന്നു. എന്‍റെ ചെറുപ്പകാലത്ത് കെ.ആർ വിജയയെപ്പോലുള്ള നടിമാരാണ് സീതയാകുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആർക്കും ഇപ്പോൾ സീതയാകാം. എന്നിങ്ങനെയാണ് രാധാ രവി പറഞ്ഞത്. ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചോർന്നുവെന്നും ഞാൻ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകൾ മറ്റെന്താണ് കാണുക? എന്നായിരുന്നു പൊള്ളാച്ചി പീഡനത്തെക്കുറിച്ച് രാധാരവിയുടെ വിവാദപരാമർശം.