തൃശൂർ: വയോധികന്‍റെ ജീവനെടുത്ത് തൃശൂരില്‍ കാറുകളുടെ മത്സരയോട്ടം. അമിത വേഗതയിൽ വന്ന മഹീന്ദ്ര ഥാർ ടാക്സിയിൽ ഇടിച്ച് പാടൂക്കാട് സ്വദേശി രവിശങ്കർ മരിച്ചു. ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഥാർ ഓടിച്ച അയ്യന്തോൾ സ്വദേശി ഷെറിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഥാറിനൊപ്പം മത്സരയോട്ടം നടത്തിയ ബിഎംഡബ്ല്യു കാർ നിർത്താതെ പോയി.
ബുധനാഴ്ച രാത്രി 10 മണിയോടെ തൃശൂർ കൊട്ടേക്കാട് സെന്‍ററിലാണ് അപകടം നടന്നത്. മരിച്ച രവിശങ്കറും കുടുംബവും ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഈ സമയം വഴിയിലൂടെ ഥാർ ഒരു ബിഎംഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തുകയായിരുന്നു. അപകടകരമായി എത്തിയ ഥാർ ഒതുക്കിയ നിർത്തിയ ടാക്സി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ ബിഎംഡബ്ല്യു കാർ നിർത്താതെ പോയി. ഥാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ഥാർ ഓടിച്ച ഷെറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
രവിശങ്കറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഇദ്ദേഹത്തിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവർ ചികിത്സയിലാണ്. ഇടിച്ച ഥാർ അമിത വേഗതയിലാണ് എത്തിയതെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു. ഇടിച്ച വാഹനത്തിന്‍റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവര്‍ രാജനും പറയുന്നു. ഥാര്‍ ഓടിച്ച അയ്യന്തോള്‍ സ്വദേശി ഷെറിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപൂര്‍വമായ നരഹത്യക്കും കേസെടുത്തു.