മലയാളിയായ ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു : കേരളത്തിന് അഭിമാന നിമിഷം

Jaihind Webdesk
Tuesday, November 30, 2021

ന്യൂഡല്‍ഹി :  വൈസ് അഡ്മിറല്‍ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു. നേവിയുടെ ഇരുപത്തിയഞ്ചാമത് മേധാവിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് കാലാവധി. 35 വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഹരികുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്‍റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് രണ്‍വീര്‍ തുടങ്ങി അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചു. മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരമവിശിഷ്ട സേവാ മെഡലും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

നാവികസേനയുടെ ചുമതല ഏറ്റെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. തന്‍റെ മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. കല നായരാണ് ഭാര്യ,  മകൾ അഞ്ജന നായർ.