ഐഎന്‍ടിയുസി സംസ്ഥാന മന്ദിരം: നടപടിക്രമങ്ങള്‍ പാലിച്ചാണ് ഓഫീസ് നിര്‍മ്മിച്ചതെന്ന് ആര്‍ ചന്ദ്രശേഖരന്‍

Jaihind Webdesk
Friday, November 18, 2022

തിരുവനന്തപുരം: നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കെ കരുണാകരന്‍ സ്മാരക ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ചില മാധ്യമങ്ങളില്‍ വരുന്നതെന്നും ആര്‍ ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

75 വര്‍ഷം പിന്നിടുന്ന ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിക്ക് ആദ്യമായാണ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം ഉണ്ടാകുന്നത്. 2015 ല്‍ തിരുവനന്തപുരത്ത് പരുത്തിക്കുഴിയില്‍ 8.5 സെന്‍റ് സ്ഥലവും മൂന്ന് നിലകളില്‍ വാര്‍ത്ത് കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടവും വിലയ്ക്ക് വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മേയ് 3 നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഉദ്ഘാടനം.

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പണിതതെന്ന് കാണിച്ച് ഓംബുഡ്‌സ്മാനില്‍ പരാതി പോയി. നവംബർ ഏഴിന് പരാതിയില്‍ ഓംബുഡ്‌സ്മാന്‍ തീര്‍പ്പ് കല്‍പ്പിച്ചു. എന്നാല്‍ വിധിക്ക് വളരെ മുമ്പുതന്നെ ക്രമവല്‍ക്കരിക്കാനായി ഐഎന്‍ടിയുസി  കോര്‍പ്പറേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോര്‍പ്പറേഷന്‍ ഇക്കാര്യം അനുവദിക്കുകയും ക്രമവല്‍ക്കരിക്കുന്നതിന്‍റെ ഫീസായ 23,615 രൂപ ജൂലൈ 24ന് തുക അടയ്ക്കുകയും ചെയ്തു. 2021-22 വരെയുള്ള കെട്ടിടനികുതിയും അടച്ച് രസീത് വാങ്ങിയിട്ടുള്ളതാണെന്നും മറിച്ചുള്ള മാധ്യമവാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും  ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ്, ജില്ലാ പ്രസിഡന്‍റ് വി.ആർ പ്രതാപൻ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.