ഹീറോയായി ആര്‍ അശ്വിന്‍; ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ടീം ഇന്ത്യ; ജയം 280 റണ്‍സിന്

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 515 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്തായി. നാലിന് 158 എന്ന നിലയില്‍ ഇന്ന് കളിയാരംഭിച്ച ബംഗ്ലാദേശിന് ടോട്ടല്‍ 234 റണ്‍സേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റ് നേടിയ അശ്വിനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ ഇന്നിങ്സ് മാത്രമായിരുന്നു ബംഗ്ലാദേശ് നിരയില്‍ ആശ്വാസമായത്.

സാക്കിര്‍ ഹസന്‍, ശദ്മാന്‍ ഇസ്ലാം, മൊമീനുല്‍ ഹഖ്, മുഷ്ഫിഖുര്‍റഹീം എന്നിവര്‍ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. തുടര്‍ന്ന് നാലാംദിനം ഷാക്കിബും ഷാന്റോയും ചേര്‍ന്ന് നേരിയ പ്രതീക്ഷയുള്ള തുടക്കം നല്‍കിയെങ്കിലും, അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹ്മദ് എന്നിവരും മടങ്ങിയതോടെ മത്സരം പൂര്‍ണമായി.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. ജസ്പ്രീത് ബുംറ നാലും, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും നേടി.

227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് കരുത്തായത്. 515 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍വെച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ രണ്ട് ഇന്നിങ്സിലും നിരാശ സമ്മാനിച്ചപ്പോള്‍ ഓപ്പണര്‍ ജയ്സ്വാള്‍ ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറി നേടി.

Comments (0)
Add Comment