അന്നദാന ചുമതല നല്‍കിയത് രഹസ്യബന്ധത്തിന് തെളിവെന്ന് കൊടിക്കുന്നില്‍ സുരേഷ്

Jaihind Webdesk
Saturday, December 1, 2018

Kodikkunnil-Suresh-Sabarimala

നിലയ്ക്കലും പമ്പയിലും അന്നദാനത്തിന് സംഘപരിവാര്‍ സംഘടനായ അയ്യപ്പസേവാ സമാജത്തിന് കരാര്‍ നല്‍കിയ ദേവസ്വം ബോര്‍ഡിന്‍റെ നടപടിയിലൂടെ സി.പി.എം.-ബി.ജെ.പി രഹസ്യബന്ധം ഒരിക്കല്‍ക്കൂടി പുറത്തുവന്നെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി.  സംഘപരിവാര്‍ സംഘടനയ്ക്ക് അന്നദാനം നടത്താന്‍ അനുമതി നല്‍കിയതിലൂടെ അര്‍.എസ്.എസിന്റെ സാന്നിദ്ധ്യം ശബരിമലയില്‍ ഉറപ്പിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. ആര്‍.എസ്.എസിന് ശബരിമലയില്‍ പിടിമുറുക്കാനെ ഈ നടപടി ഉപകരിക്കുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി. ശബരിമലയില്‍ നടത്തിവന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയതും സര്‍ക്കാരും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ്. ആര്‍.എസ്.എസ്. നേതാവ് വല്‍സന്‍ തില്ലങ്കേരി സന്നിദ്ധാനത്ത് നിന്ന് പോലീസിന്റെ മൈക്കിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും ബി.ജെ.പിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാരസമരത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തതും സി.പി.എമ്മും സംഘപരിവാര്‍സംഘടനകളും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തെളിവാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ബി.ജെ.പിയും സി.പി.എമ്മും ശബരിമല വിഷയം കൈാര്യം ചെയ്യുന്നത്.സര്‍ക്കാര്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ബി.ജെ.പി സമരരം നടത്തിയതും മണ്ഡലകാല തീര്‍ത്ഥാടനത്തിന് വലിയ തിരിച്ചടിയായി. ഭക്തജനപ്രവാഹം നിലയ്ക്കുകയും വരുമാനം കുറയുന്നതിനും ഇത് ഇടവരുത്തി. കഴിഞ്ഞ സീസണിലേതിനേക്കാള്‍ 28 കോടിരൂപയുടെ കുറവാണ് നടവരവിനത്തില്‍ ശബരിമലയില്‍ ഉണ്ടായത്. ഇതിന് ഉത്തരവാദികള്‍ സര്‍ക്കാരും ബി.ജെ.പിയുമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.