മലബാറില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ‘വധശിക്ഷ’ നടപ്പാക്കാനുള്ള ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണത്തെ ചൊല്ലി സിപിഎം നേതൃത്വത്തില്‍ തന്നെ അഭിപ്രായ ഭിന്നത. അണിയറരഹസ്യങ്ങൾ അറിയാവുന്ന അക്രമിസംഘത്തിനുമേൽ എപ്പോഴും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിരീക്ഷണമുണ്ടായിരുന്നു. എന്നാല്‍ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തന്ത്രപൂര്‍വ്വമായ അടവ് നയം സ്വീകരിക്കുന്നതിന് പകരം പെരിയ പ്രാദേശിക സിപിഎം ഘടകത്തിന്റെയും ജില്ലാ സിപിഎം നേതൃത്വത്തിന്റെയും ജാഗ്രതക്കുറവാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുള്ളത്. ഇതിന്റെ കുമ്പസാരമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേട്ടത്. പെരിയ സംഭവത്തില്‍ പാര്‍ട്ടിയുടെ പങ്ക് സമ്മതിച്ചു കൊണ്ട് തന്നെ കണ്ണൂര്‍ ജില്ലയിലും ടിപി ചന്ദ്രശേഖരന് വധത്തിലും പൊലീസ് പിടിച്ച പ്രതികള്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ല എന്ന നിലപാടും ഇതിനെ സാധൂകരിക്കുന്നതാണ്.
രാഷ്ട്രീയപകയുടെ കണക്കുപുസ്തകം സൂക്ഷിക്കുകയും കണക്ക് തീര്‍ക്കുകയും ചെയ്യുന്ന കണ്ണൂർ ക്വട്ടേഷന്‍ ശൈലി മലബാറിലെ സമീപജില്ലകളിലേക്കും വ്യാപിക്കുന്നതായാണ് അടുത്ത കാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിൽ എവിടെയും ക്വട്ടേഷൻ ഏറ്റെടുക്കാവുന്ന വിധം ശക്തമാണു കണ്ണൂരിലെ പാർട്ടി ക്വട്ടേഷന്‍ മാഫിയ. ഇത്തരം സംഘങ്ങൾക്കു കൃത്യമായ രാഷ്ട്രീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംരക്ഷണവും ഉള്ളതിനാൽ തന്നെ പോലീസും തീര്‍ത്തും നിസ്സഹായരായ അവസ്ഥയിലാണ് എപ്പോഴും. ഇതിന്റെ സ്വാധീന ഘടകങ്ങള്‍ തന്നെയാണ് പാര്‍ട്ടി കേസുകളില്‍ ജയിലിലാകുന്ന പ്രതികള്‍ക്ക് ലഭിക്കുന്ന വന്‍ സൗകര്യങ്ങൾ. പ്രത്യേകിച്ച് ടിപി വധക്കേസിലെ പ്രതികള്‍ക്ക് വിവിധ ജയിലുകളില്‍ ലഭിക്കുന്ന പരിഗണനയും സൗകര്യങ്ങളും. ഷുഹൈബ് വധക്കേസിലെ പ്രതിയായ യുവാവിന്റെ കാമുകിയ്ക്ക് കാമുകനുമായി സമയം ചെലവിടാന്‍ പോലും പ്രത്യേക സൗകര്യങ്ങളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഒരുക്കി നല്‍കുന്നതെന്ന ആരോപണവും നിലവിലുണ്ട്.
അടുത്തിടെ വടകര, നാദാപുരം മാഹി, കാസർഗോഡ് എന്നിവിടങ്ങളില്‍ നടന്ന സിപിഎം കൊലപാതകങ്ങൾക്കെല്ലാം സമാനതകളുടെ ചരിത്രവുമുണ്ട്. ഓരോ ആളുകളെയും വെട്ടിക്കൊല്ലുന്ന ശൈലിയും ഒന്നുതന്നെ എന്നത് പരിശീലനത്തിന്റെ കൃത്യതയായി അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും സമ്മതിക്കുന്നു.
ഏറ്റവും ഒടുവിലായി പെരിയ ഇരട്ടക്കൊലപാതകത്തിലും മൃഗീയമായി വെട്ടിപ്പരുക്കേൽപ്പിക്കുന്ന ക്വട്ടേഷൻ രാഷ്ട്രീയക്കൊലപാതകങ്ങളിലെ സമീപകാലരീതി പ്രകടമാണ്. കൊടുവാൾ പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും അതിക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്ന. ‘ഇര’ അക്രമിക്കുന്ന വേട്ടക്കാരനെപ്പോലെ രക്ഷപ്പെടാതിരിക്കാൻ പഴുതടച്ച് കാൽമുട്ടിനു താഴെ വെട്ടിനുറുക്കി വീഴ്ത്തി പിന്നീട് ഒട്ടേറെ വെട്ടുകള്‍ വെട്ടി ശരീരം ഛിന്നഭിന്നമാക്കി വികൃതമാക്കുന്ന ക്വട്ടേഷൻ രീതിയാണ് ടിപി ചന്ദ്രശേഖരന് വധം മുതല്‍ പെരിയയിലെ യുവാക്കളുടെ കൊലപാതകത്തില്‍ വരെയും ദൃശ്യമായത്.