യൂണിവേഴ്സിറ്റി ചോദ്യപേപ്പര്‍ അച്ചടിയിലും പാളിച്ച; രഹസ്യസ്വഭാവം തകര്‍ക്കാന്‍ നീക്കം

Nayana George
Saturday, October 26, 2019

സര്‍വകലാശാലകള്‍ നടത്തുന്ന വിവിധ പരീക്ഷതീയതികളും ഫലപ്രഖ്യാപനവും ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതിന് പിന്നാലെ സര്‍വകലാശാല പരീക്ഷകളുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നതായി ആക്ഷേപം. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ഈ നീക്കം നടത്തുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ അതീവ രഹസ്യമായാണ് ചോദ്യപേപ്പര്‍ അച്ചടിക്കുന്ന നടപടി കൈകാര്യം ചെയ്യുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ സംസ്ഥാനത്തിനു പുറത്തുള്ള കോണ്‍ഫിഡന്‍ഷ്യല്‍ പ്രസ്സുകളില്‍ നിന്ന് ടെന്‍ഡര്‍ സ്വീകരിച്ചാണ് ഉത്തരക്കടലാസ് അച്ചടിക്കുവാന്‍ ഉള്ള ചുമതല ഏല്‍പ്പിക്കുന്നത്.മൂന്നു വര്‍ഷക്കാലത്തേക്ക് കരാറിലേര്‍പ്പെടുന്ന പ്രസ്സുകളുടെ കാലാവധി നീട്ടി കൊടുക്കുവാനും വ്യവസ്ഥയുണ്ട്.

അതത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലറും പരീക്ഷ കണ്‍ട്രോളറൂം ചേര്‍ന്നാണ് പ്രസ്സിനെ തിരഞ്ഞെടുക്കുന്നത്. എല്ലാ സര്‍വ്വകലാശാലകളിലും ഈ വ്യവസ്ഥയാണ് വര്‍ഷങ്ങളായി പിന്തുടരുന്നത്. എന്നാല്‍ ചോദ്യക്കടലാസുകളുടെ അച്ചടിക്ക് എല്ലാ സര്‍വകലാശാലകളും പ്രസ്സുകളെ ഈ-ടെന്‍ഡര്‍ വഴി കണ്ടെത്തുന്നത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞു കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ കീഴിലുള്ള സര്‍വ്വകലാശാല രജിസ്ട്രാര്‍ മാര്‍ക്ക് കത്ത് അയച്ചിരിക്കുകയാണ്. മുന്‍പ് ഇതേ നീക്കം നടത്തിയപ്പോള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടും എന്നതുകൊണ്ട് പരീക്ഷാ കണ്‍ട്രോളര്‍മാര്‍ ഇതിനോടു യോജിച്ചിരുന്നില്ല. തുടര്‍ന്നാണ് നിലവിലുണ്ടായിരുന്ന സ്ഥിരം രജിസ്ട്രാര്‍മാരെയും പരീക്ഷാ കണ്‍ട്രോളര്‍മാരെയും നിയമഭേദഗതിയിലൂടെ നീക്കം ചെയ്തശേഷം കരാറടിസ്ഥാനത്തില്‍ രജിസ്ട്രാര്‍മാരെയും കണ്‍ട്രോളര്‍മാരെയും നിയമിക്കുവാനുള്ള നിയമ ഭേദഗതി വകുപ്പ് മന്ത്രി നടത്തിയത്.

ചോദ്യപേപ്പര്‍ എല്ലാ സര്‍വ്വകലാശാലകളും ഒരേ പ്രസ്സില്‍ അച്ചടിക്കുക വഴി ചോദ്യപേപ്പര്‍ അച്ചടിയുടെ രഹസ്യസ്വഭാവം നഷ്ടമാകും. ഇപ്പോള്‍ ഒരു സര്‍വകലാശാലക്കും പ്രസ്സുകളുടെ വിവരം പരസ്പരം അറിയില്ല. സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും ചോദ്യപേപ്പര്‍ അച്ചടിയിലും വകുപ്പ് മന്ത്രി കൈകടത്തുന്നതില്‍ സര്‍വകലാശാല അധികൃതര്‍ക്ക് പ്രതിഷേധമുണ്ടെങ്കിലും അവര്‍ മന്ത്രിയുടെ നീരസം ഭയന്ന് അഭിപ്രായം പറയുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.